പാകിസ്താനിലെ കലാപത്തിന് പിന്നിൽ ഇമ്രാന്‍ ഖാൻ, സൈനിക കോടതി ഉടന്‍ വിധി പറയും

ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം മേയ് 9ന് പാകിസ്താനിലുണ്ടായ കലാപത്തിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മുഖ്യപങ്കുള്ളതായി കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെതിരെ വിധി പറയാൻ സൈനിക കോടതി തയ്യാറെടുത്തതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കലാപത്തിന് കടുത്ത ശിക്ഷ നല്‍കാനാണ് നീക്കമെന്നാണ് പാക് മാധ്യമങ്ങളിലെ വാര്‍ത്ത.

മേയില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തപ്പോള്‍ വന്‍കലാപമാണ് പാകിസ്ഥാനില്‍ ഉണ്ടായത്. ഇസ്‌ലാമാബാദിലും ലഹോറിലും റാവല്‍പിണ്ടിയിലും ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം ഇമ്രാന്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊലീസ് വാഹനങ്ങളും തീയിട്ട് നശിപ്പിച്ചിരുന്നു.

നിലവിൽ സൈഫർ കേസിലും, തോഷഖാന കേസിലും, ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹം കഴിച്ച കേസിലും പ്രതിയാണ് ഇമ്രാൻ ഖാൻ. കലാപത്തിന്റെ പേരില്‍ തന്നെയും പാര്‍ട്ടിയെയും ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു.