ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു

കൊല്ലം. ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നു പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. കേസിലെ പ്രതികള്‍ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരാണ്.

പ്രതികളുമായി തമിഴ്‌നാട്ടില്‍ അടക്കം തെളിവ് എടുക്കേണ്ടതിനാല്‍ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിഭാഗം ഇതിനെ എതിര്‍ത്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

തുടര്‍ന്ന് പ്രതികളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിക്കും. തുടര്‍ന്ന് പ്രതികളെ രണ്ട് ദിവസം വിശദമായ ചോദ്യം ചെയ്യല്‍ നടത്തും. വെള്ളിയാഴ്ച വൈകിട്ടോടെ തെളിവെടുപ്പിന് കൊണ്ടുപോകും എന്നാണ് വിവരം.