സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം- സുരേഷ് ​ഗോപി

യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി നടൻ സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ആണ് സുരേഷ്​ ഗോപി പ്രതികരണം നടത്തിയത്.

ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെൺ മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം.. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം.Dr Shanana ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS’- സുരേഷ് ​ഗോപി കുറിച്ചു.

സ്ത്രീധനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോകടറായിരുന്ന ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ പിജി ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.

റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. തിരുവനന്തപുരത്ത് എത്തിച്ച് ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. റുവൈസിനെ സസ്പെൻഡ് ചെയ്തു.

ഷഹ്നയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന റുവൈസ് ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതാണ് ഷഹ്ന ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി വീണാ ജോർജ് നിർദേശം നൽകി.