ബജറ്റിനെ അംഗീകരിക്കില്ല ; നികുതിയെന്ന പേരിൽ പിടിച്ചുപറി, വിമർശിച്ച് പ്രതിപക്ഷം

സാധാരക്കാരുടെ നടുവൊടിക്കുന്ന സംസ്ഥാനസർക്കാരിന്റെ ബജറ്റിനെതിരെ പ്രതിപക്ഷം. ഒരു തരത്തിലും ബജറ്റിനെ അംഗീകരിക്കാനാവില്ലെന്നും, സർക്കാർ അവതരിപ്പിച്ച 3000 കോടിയുടെ നികുതി വർധനവ് അശാസ്ത്രീയമാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. സംസ്ഥാന ബജറ്റ് കേരളത്തിന്റെ ധനപ്രതിസന്ധിയെ മറച്ച് വയ്ക്കുകയും, നികുതിക്കൊള്ള നടത്തുകയും ചെയ്യുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നും നികുതി പിരിവിൽ ദയനീയമായി പരാജയപ്പെട്ടുവെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ ആരോപിച്ചു. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടുരൂപ സെസ് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേനയം. നടുവൊടിക്കുന്ന ബജറ്റാണിതെന്നും ചെന്നിത്തല ആരോപിച്ചു.

എല്ലാ മേഖലയിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രതികരിച്ചു. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം നീക്കി വയ്‌ക്കാൻ സർക്കാർ പരാജയപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ച ചട്ടിയിലും കീശയിലും കയ്യിട്ടു വാരുകയാണ് പിണറായി സർക്കാരെന്നും ബാല​ഗോപാൽ എന്നല്ല, നികുതി ​ഗോപാൽ എന്നാണ് ധമന്ത്രിയെ വിളിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.