മോഹൻ ലാലിന് പിറകെ നടൻ ഫഹദ് ഫാസിലിന്റെ മൊഴി എടുത്ത് ആദായ നികുതി വകുപ്പ്

കൊച്ചി. മലയാള സിനിമ മേഖലയിൽ കോടികളുടെ സാന്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കളളപ്പണ ഇടപാടും നടക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയതിനു പിറകെ മോഹൻ ലാലിന് പിറകെ നടൻ ഫഹദ് ഫാസിലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴി എടുത്തിരിക്കുന്നത്.

ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ നേരത്തെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്. സമാനമായ നിലയിൽ നടൻ മോഹൻലാലിന്‍റെ മൊഴി ആദായ നികുതി വകുപ്പ് കൊച്ചിയിൽ നേരത്തെ രേഖപ്പെടുത്തിയിരുന്നു.

രണ്ടുമാസം മുൻപ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്‍റെ തുടർച്ചയായിട്ടായിട്ടുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. സിനിമാ നി‍ർമാണവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂരിൽ നിന്ന് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മോഹൻലാലിനെ നേരിൽ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

മലയാള സിനിമാ താരങ്ങളുടെയും നി‍ർമാതാക്കളുടെയും വിദേശത്തെ സ്വത്തുവകകൾ സംബന്ധിച്ചാണ് പ്രധാനമായും ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഐ ടി വിഭാഗം അന്വേഷിച്ചു വരുന്നു. ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലാണ് കോടികളുടെ സാന്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കളളപ്പണ ഇടപാടും മലയാള സിനിമാ മേഖലയിൽ നടക്കുന്നതെന്നാണ് അന്വേഷണത്തിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.