വീണ്ടും കൂട്ടി പാചകവാതക വില

ന്യൂഡല്‍ഹി: രാജ്യത്ത്​ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്​ 25 രൂപയാണ്​ കൂട്ടിയത്​. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്​ വില 826 രൂപയായി.

വാണിജ്യസിലിണ്ടറിന്​ നൂറുരൂപയാണ്​ വര്‍ധിപ്പിച്ചത്​. 1618 രൂപയാണ്​ വാണിജ്യ സിലിണ്ടറിന്‍റെ വില. രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കൊപ്പമാണ്​ ജനങ്ങള്‍ക്ക്​ ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വര്‍ധനയും.

മൂന്നുമാസത്തിനിടെ 200 രൂപയാണ്​ ഗാര്‍ഹിക സിലിണ്ടറിന്​ മാത്രം കൂടിയത്​. ഫെബ്രുവരി രണ്ടിന്​ 25 രൂപയും 14ന്​ 50 രൂപയും 25ന്​ 25രൂപയും​ കൂട്ടിയിരുന്നു​. പാചക വാതക വില ഉയരുന്നതിനെതിരെ പൊതുജനങ്ങളില്‍നിന്ന്​ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്​.

എണ്ണക്കും പ്രകൃതി വാതകത്തിനും അന്താരാഷ്​ട്ര വിപണിയിലുണ്ടായ വില വര്‍ധനയാണ്​ കാരണമായി എണ്ണകമ്ബനികള്‍ ചൂണ്ടിക്കാണിക്കുന്നത്​. എന്നാല്‍ വില
കുറയുമ്പോള്‍ കുറക്കാന്‍ തയാറാകാത്തത്​ പ്രതിഷേധത്തിന്​ കാരണമാകുന്നു. കൂടാതെ ഗാര്‍ഹിക സിലിണ്ടറിന്‍റെ സബ്​സിഡി സംബന്ധിച്ചും എണ്ണക്കമ്പനികള്‍
മൗനം തുടരുകയാണ്​.