ഇന്ത്യ ചൈന സംഘര്‍ഷം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത് ചര്‍ച്ച ചെയ്യുവാന്‍ കേന്ദ്ര പ്രതിരോധമന്ത്രി പ്രത്യേക യോഗം വിളിച്ചു. യോഗത്തില്‍ സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കും. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം സംയുക്ത സൈനിക മേധാവി പ്രതിരോധമന്ത്രിയെ അറിയിക്കും. ഇതിന്റെ സാഹചര്യത്തില്‍ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

ശൈത്യകാലം മുതലാക്കി ചൈന നടത്തിയ നീക്കത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈനികര്‍. ചൈന താവാംഗ് മേഖലയില്‍ കടന്നുകയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷ ത്തില്‍ കലാശിച്ചത്. അരുണാചല്‍ പ്രദേശിലെ ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ താവാംഗ് മേഖലയില്‍ ചൈന ശൈത്യകാലം മുതലാക്കി നിയന്ത്രണ രേഖ ലംഘിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ചൈനീസ് സൈനികരെ ശക്തമായി ഇന്ത്യന്‍ സൈനികര്‍ നേരിട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇരുഭാഗ ത്തുള്ള സൈനികര്‍ക്കും പരിക്കേറ്റതായാണ് വിവരം. ഉന്നത സൈനിക ഇടപെടലിനെ തുടര്‍ന്ന് സൈനികര്‍ പിന്‍വാങ്ങിയതിനാല്‍ വലിയ സംഘര്‍ഷം ഒഴിവാകാനായി.

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഡിസംബര്‍ 9ന് ഇരു സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് സൈന്യം തിങ്കളാഴ്ച വൈകിട്ടോടെ പുറത്തുവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചൈനീസ് സൈന്യം അരുണാചലില്‍ പ്രകോപനം തുടങ്ങുന്നത്.

നിയന്ത്രണരേഖ ലംഘിക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ സൈന്യം അതിവേഗം കണ്ടെത്തി ചെറുത്തതെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് ഇരു വിഭാഗങ്ങളുടേയും കമാന്റര്‍മാര്‍ ഫ്ലാഗ് മീറ്റിംഗ് അടിയന്തിരമായി വിളിച്ചുചേര്‍ത്തെന്നും ചൈനയുടെ നടപടിക്കെതിരെ ശക്തമായ താക്കീത് നല്‍കിയെന്നുമാണ് വിവരം.