ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം തള്ളി ഇന്ത്യ, ആരോപണം അസംബന്ധവും ഗൂഢ ഗൂഢ ലക്ഷ്യത്തോടെയുള്ളതും

ന്യൂഡല്‍ഹി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ഗീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. ജസ്റ്റിന്‍ ട്രൂഡോയും കാനഡ വിദേശകാര്യമന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടെന്നും അത് പൂര്‍ണമായും തള്ളിക്കളയുകയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്ക് മുന്നിലും ഉന്നയിച്ചിരുന്നു അതെല്ലാം അപ്പോള്‍തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യമന്ത്രാലയം അറിച്ചു. കാനഡയില്‍ നടന്ന ഏതെങ്കിലും അക്രമങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ റോയുടെ കാനഡയിലെ തലവനെ പുറത്താക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരായ ആരോപണങ്ങള്‍ തള്ളി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.