തിരിച്ചയച്ച അഫ്ഗാൻ എം.പി.ക്ക് അടിയന്തര വിസ അനുവദിച്ച് ഇന്ത്യ

അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാൻ എം.പി.ക്ക് ഇന്ത്യ വിസ അനുവദിച്ചു. വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എം.പി. രംഗിന കർഗയ്ക്കാണ് ഇന്ത്യ അടിയന്തര വിസ അനുവദിച്ചത്. ഈ മാസം 20 നു കർഗയെ ഡൽഹിയിൽ നിന്ന് അഫ്ഗാനിലേക്ക് തിരിച്ചയച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് എം.പി.യെ തിരിച്ചയച്ചത് പിഴവാണെന്ന് വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടിയുണ്ടായത്.

അതേസമയം, ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ-വിസ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയ൦ ഉത്തരവ് ഇറക്കി. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് അഫ്ഗാൻ പൗരൻമാർക്കായി ഇ-വിസ നടപ്പാക്കാൻ ഇന്ത്യ തയാറായത്. ഭീകരർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഇ-വിസയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അഫ്ഗാൻ സ്വദേശികളായവർക്ക് ഇ-വിസ നൽകുന്ന കാര്യത്തിൽ ഓൺലൈൻ നടപടികൾ തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.

വിസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് ആഭ്യന്തര സുരക്ഷ മുൻ നിർത്തിയാണ് എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇന്ത്യയിലേക്ക് ഉള്ള അഫ്ഗാൻ അഭയാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. വിസ മാനദണ്ഡങ്ങളിൽ ആഭ്യന്തര മന്ത്രാലയം മാറ്റം കൊണ്ട് വരുന്നതോടെ നിലവിൽ ഇന്ത്യയിലേക്ക് വിസ അനുമതി ലഭിച്ച് രാജ്യത്തിന് പുറത്ത് ഉള്ള അഫ്ഗാൻ പൗരന്മാരെ പ്രതികൂലമായി ബാധിച്ചേക്കും. ഇവർക്ക് നൽകിയിട്ടുള്ള വിസ അനുമതി എല്ലാം പുതിയ തീരുമാനത്തോടെ റദ്ദാവുമെന്നാണ് റിപ്പോർട്ട്.