നിജ്ജാറിന്റെ കൊലപാതകം, ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന കാനഡയുടെ ആവശ്യം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന കാനഡയുടെ ആവശ്യം ഇന്ത്യ തള്ളി. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡയുടെ ആവശ്യം. ഇക്കാര്യം ഇന്ത്യയുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയിലാണ് കാനഡ ഉന്നയിച്ചത്. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ നല്‍കിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ കാനഡ പറയുന്നത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സെല്‍ഫോണ്‍ തെളിവുകളും ഇലക്ട്രോണിക് തെളിവുകളും ഉണ്ടെന്നാണ്. ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും കാനഡ ആവശ്യപ്പെടുന്നു.

അതേസമയം പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയാണ് നിജ്ജാറിനെ കൊലപ്പെടുത്തിയതെന്ന വാദം ഇന്ത്യന്‍ വിദഗ്ധര്‍ തള്ളിയിരുന്നു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചില പാശ്ചാത്യരാജ്യങ്ങള്‍ താവളമാകുന്നു എന്നതിനെക്കുറിച്ച് ഇന്ത്യ ഉയര്‍ത്തിയ ആശങ്കയില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഐഎസ്‌ഐയുടെ വാദം ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തല്‍.