അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യരുത്; മുന്നറിയിപ്പ് നല്‍കി ഇന്ത്യ

കാബൂള്‍: മറ്റു രാജ്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍  അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ആവര്‍ത്തിച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സര്‍ക്കാര്‍ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ താലിബാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. നിലവില്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമല്ല. പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉടന്‍ തന്നെ കാബൂളില്‍നിന്ന് ഇന്ത്യക്കാരെ പൂർണമായി തിരികെയെത്തിക്കും, അദ്ദേഹം  വ്യക്തമാക്കി.

അഫ്ഗാനിലെ സര്‍ക്കാര്‍ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതു തരത്തിലുള്ള സര്‍ക്കാരാണ് അഫ്ഗാനിസ്താനില്‍ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി വ്യക്തമാക്കി.

അതേക്കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ബാഗ്ചി പറഞ്ഞു. ചൊവ്വാഴ്ച ഇന്ത്യ താലിബാനുമായി ഔദ്യോഗിക ബന്ധത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയുടെ ഖത്തറിലെ അംബാസിഡര്‍ ദീപക് മിത്തല്‍, താലിബാന്റെ ദോഹയിലെ രാഷ്ട്രീയ ഓഫീസ് മേധാവി മൊഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച നടന്നത്.