508 റെയിൽവേ സ്റ്റേഷനുകളിൽ ഒരേ സമയം ശിലാസ്ഥാപനം, വികസന കുതിപ്പിന് ഇന്ത്യൻ റെയിൽവേ ഇന്ന് തുടക്കം കുറിക്കും

ഡൽഹി: വികസന കുതിപ്പിന് തുടക്കം കുറിക്കാൻ ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശിലാസ്ഥാപനം നടത്തും. വെർച്വലായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 25,000 കോടി രൂപ ചെലവിൽ 2025-ഓടെ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവ അടയാളപ്പെടുത്തുന്ന തരത്തിലായിരിക്കും സ്‌റ്റേഷൻ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. രാവിലെ 11 മണിക്ക്, ചരിത്രപ്രസിദ്ധമായ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകൾ പുനർവികസിപ്പിക്കുന്നതിനുള്ള തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. ഏകദേശം 25,000 കോടി രൂപ ചെലവിലാണ് പുനർവികസനം നടത്തുന്നത്. നമ്മുടെ രാജ്യത്ത് റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതിൽ ഇത് വിപ്ലവം സൃഷ്ടിക്കും.

ജീവിതം സു​ഗമമാക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു- എന്ന് പ്രധാനമന്ത്രി ട്വിറ്റിൽ കുറിച്ചു. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തർപ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറിൽ 49, മഹാരാഷ്‌ട്രയിൽ 44, പശ്ചിമ ബംഗാളിൽ 37, മദ്ധ്യപ്രദേശിൽ 34, അസമിൽ 32, ഒഡീഷയിൽ 25, പഞ്ചാബിൽ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാർഖണ്ഡിൽ 20, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും ഹരിയാനയിൽ 15-ഉം കർണാടകയിൽ 13-ഉം കേരളത്തിൽ 35 സ്റ്റേഷനുകളും നവീകരിക്കും.

കേരളത്തിൽ അഞ്ച് സ്റ്റേഷനുകളിൽ അമൃത് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും. ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ, നാഗർകോവിൽ എന്നീ സ്‌റ്റേഷനുകളിൽ രാവിലെ എട്ട് മുതൽ ആഘോഷം ആരംഭിക്കും. ചടങ്ങിന് മാറ്റുകൂട്ടാനായി തിരുവാതിര കളി, നാടോടി നൃത്തം ഉൾപ്പെടെയുള്ള കലകളും റേയിൽവേ സംഘടിപ്പിച്ചിട്ടുണ്ട്.