അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണില്ലെന്ന് പരാതി

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിൽ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

ലോസ് ആഞ്ജലീസിലാണ് വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത്. മേയ് 25-നാണ് നിതീഷയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. കാലിഫോര്‍ണിയ രജിസ്‌ട്രേഷനിലുള്ള ടൊയോട്ട കൊറോള കാറായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിനുശേഷം മേയ് 30-നാണ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിതീഷയുടെ ഉയരവും ശരീരപ്രകൃതവും ഉള്‍പ്പെടെ വിശദീകരിച്ചുള്ള അറിയിപ്പും ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.