ഇൻഡിഗോയ്ക്ക് 5 ലക്ഷം രൂപ പിഴ

ഇൻഡിഗോയ്ക്ക് 5 ലക്ഷം രൂപ പിഴ. ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിലാണ് ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇൻഡിഗോ എയർലൈൻസിനു പിഴ നൽകിയത്. തീർത്തും മോശമായ രീതിയിലാണ് ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും, ഇത് പ്രശ്നം കൂടുതൽ വഷളാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഡിജിസിഎ അറിയിച്ചു.

‘‘ഏറ്റവും ദയാപൂർവമുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ അസ്വസ്ഥത മാറുകയും കുട്ടി ശാന്തനാവുകയും ചെയ്യുമായിരുന്നു. മാത്രമല്ല, യാത്രക്കാരെ വിമാനത്തിൽ കയറുന്നതിൽനിന്ന് തടഞ്ഞ കഠിനമായ നടപടി ഒഴിവാക്കുകയും ചെയ്യാമായിരുന്നു.’’ – ഡിജിസിഎ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ മേയ് ഏഴിനാണ് റാഞ്ചി വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. കുട്ടി പരിഭ്രാന്തിയിലായതിനാൽ വിമാനയാത്ര അനുവദിക്കാനാകില്ലെന്നും മറ്റു യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇൻഡിഗോയുടെ നിലപാട്. കുടുംബവും മറ്റു യാത്രക്കാരും എതിർത്തപ്പോൾ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. സഹയാത്രിക മനീഷ ഗുപ്തയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.