ഏഴാമത്തെ വയസില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിത ആണെന്ന് തിരിച്ചറിഞ്ഞു, ഇന്ദു തമ്പി പറയുന്നു

മിസ് കേരളയായി കരിയര്‍ ആരംഭിച്ച് പിന്നീട് അഭിനയത്തിലേക്ക് എത്തിയ താരമാണ് ഇന്ദു തമ്പി. ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ ചേട്ടത്തിയമ്മയുടെ വേഷത്തില്‍ നടി ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ കുറച്ച് കാലങ്ങളായി അഭിനയ ജീവിതത്തില്‍ നിന്നും നടി മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. രാജേഷ് നായര്‍ സംവിധാനം ചെയ്ത എയ്റ്റീന്‍ അവേഴ്‌സില്‍ പ്രധാന കഥാപാത്രമായി ഇന്ദു തമ്പി എത്തുന്നുണ്ട്. ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ ഇന്ദു അവതരിപ്പിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും തനിക്ക് ഈ അസുഖമുണ്ടെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഇന്ദു പറയുന്നു.

ഇന്ദുവിന്റെ വാക്കുകളിങ്ങനെ, ജോമോന്റെ സുവിശേഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു ഇനിയൊരു സിനിമ ചെയ്യുമ്‌ബോള്‍ കുറച്ച് കൂടി പ്രധാന്യമുള്ള കഥാപാത്രമായിരിക്കണമെന്ന്. അങ്ങനെ കാത്തിരിക്കുമ്‌ബോഴാണ് എയ്റ്റീന്‍ അവേഴ്‌സ് എന്നെ തേടി എത്തുന്നത്. ഒരുപാട് കാലം മുന്നെ തയ്യാറായ ഒരു തിരക്കഥയാണ് എയ്റ്റീന്‍ അവേഴ്‌സിന്റേത്. പല കാരണങ്ങളാല്‍ ചിത്രീകരണം വൈകുകയായിരുന്നു. ഒരു പക്ഷേ അത്രയും വൈകിയത് എനിക്ക് അനുഗ്രഹമായി. പൂര്‍ണ തൃപ്തി തോന്നിയ തിരക്കഥയും അണിയറപ്രവര്‍ത്തകരും ആയിരുന്നു ഈ സിനിമയുടേത്.

അതോടൊപ്പം ഈ സിനിമയിലൂടെ ടൈപ്പ് വണ്‍ പ്രമേഹത്തെ പറ്റിയുള്ള കുറച്ച് ശരിയായ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതും എനിക്ക് വലിയ സന്തോഷം തരുന്നു. ബിരുദ പഠനത്തിന് ശേഷം തുടര്‍ പഠനത്തിനായി വിദേശത്തേക്ക് പോകാനിരിക്കുന്ന സമയത്താണ് എനിക്ക് മിസ് കേരള കിട്ടുന്നത്. അതോട് കൂടി പുതിയ കുറേ അവസരങ്ങളും സാധ്യതകളും എന്റെ മുന്നിലേക്ക് വരികയായിരുന്നു. സ്‌കൂള്‍, കോളേജ് കാലത്ത് നാടകം, നൃത്തം എന്നിവയില്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെങ്കിലും സിനിമ, മോഡലിങ്ങ് എന്നിവയിലേക്ക് ഞാന്‍ ചുവടുവെയ്ക്കാന്‍ കാരണമായത് മിസ് കേരളയെ തുടര്‍ന്ന് വന്ന അവസരങ്ങളാണ്.

അതേ ഏഴാമത്തെ വയസില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിത ആണെന്ന് തിരിച്ചറിയുമ്പോള്‍ അതിനെ പറ്റി കാര്യമായ ഒരറിവും എനിക്കില്ലായിരുന്നു. രക്ഷിതാക്കളുടെ കരുതുല്‍ തന്നെയായിരുന്നു അപ്പോഴെല്ലാം എനിക്ക് കരുത്ത്. രോഗത്തിന്റെ പേര് പറഞ്ഞ് ഒന്നില്‍ നിന്നും മാറി നില്‍ക്കാന്‍ രക്ഷിതാക്കള്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എപ്പോഴും ഒപ്പമുണ്ടാകുകയാണ് ചെയ്തത്. കുട്ടിയായിരിക്കുമ്‌ബോള്‍ തന്നെ ഒന്നില്‍ നിന്നും മാറി നില്‍ക്കാനും ഒന്നും വിട്ടു കൊടുക്കാനും ഞാനും തയ്യാറല്ലായിരുന്നു. പിന്നീട് പതിയെ ഈ അസുഖത്തെ പറ്റി ഞാന്‍ സ്വയം മനസിലാക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ പാകപ്പെടുകയുമായിരുന്നു.

അതെ, കേരളത്തില്‍ തന്നെ ഏകദേശം 7000 ല്‍ പരം കുട്ടികള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. എന്നാല്‍ തന്റെ കുട്ടി ടൈപ്പ് വണ്‍ ഡയബറ്റിക് ആണെന്നുള്ളത് പല രക്ഷിതാക്കളും പുറത്ത് പറയാന്‍ മടിക്കുന്ന ഒന്നാണ്. വിവാഹം പോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഇതൊരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടപ്പെടും എന്നതാണ് പലരുടെയും പ്രശ്‌നം. എന്നാല്‍ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ ഈ രോഗത്തെ ഒരു വലിയ പ്രശ്‌നമായി കാണേണ്ടതില്ല. ഒരിക്കല്‍ വന്നാല്‍, ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകുന്ന ഒന്നാണ് ഈ രോഗം. അത് ഉള്‍കൊള്ളുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടാമതായി അതേ പറ്റി നന്നായി മനസിലാക്കണം. ഓരോരുത്തരിലും അവരവരുടെ ജീവിതസാഹചര്യങ്ങള്‍ അടിസ്ഥാനത്തില്‍ ഇത് പലതരത്തിലായിരിക്കും പ്രതികരിക്കുക. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തെ പറ്റിയും നമ്മുടെ ജീവിത ശൈലിയെ പറ്റിയും നന്നായി മനസിലാക്കുക, അതിന് അനുസരിച്ചുള്ള കരുതലുകള്‍ സ്വീകരിക്കുക. ഇന്‍സുലിന്‍ മുടക്കാതിരിക്കുക മനസിനെ പോസിറ്റീവ് വെക്കുന്ന എന്നിവയാണ് ഈ രോഗത്തോടൊപ്പം മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല വഴി.

പലരും എനിക്ക് അത് പറ്റില്ല. ഇത് പറ്റില്ല എന്നൊക്കെ പറയുമ്‌ബോഴും എന്നില്‍ വിശ്വാസം അര്‍പ്പിച്ച്, സ്വതന്ത്ര്യമായി വിട്ട രക്ഷിതാക്കളും സഹോദരിയും എന്റെ വലിയ അനുഗ്രഹമാണ്. അവരോടൊപ്പം തന്നെ വളരെ സപ്പോര്‍ട്ടീവായ ജീവിത പങ്കാളിയും. സിനിമയിലൂടെ തന്നെയാണ് കിയാനെ ഞാന്‍ പരിചയപ്പെട്ടത്. ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കകാലത്ത് തന്നെ എന്റെ രോഗവിവരം അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹവും കുടുംബവും വളരെ പോസിറ്റീവായി തന്നെയാണ് അതിനെ സ്വീകരിച്ചത്. ഡോക്ടര്‍മാരോട് സംസാരിക്കുകയും എനിക്കുള്ള പിന്തുണയുമായി എപ്പോഴും എന്നോടൊപ്പം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഓരോ ടൈപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്കും ആവശ്യവും കുടുംബത്തില്‍ നിന്നുള്ള പിന്തുണ തന്നെയാണ്. ടൈപ്പ് വണ്‍ പ്രമേഹത്തെ പറ്റിയുള്ള ശരിയായ അറിവില്ലായ്മയും സാമ്ബത്തിക പ്രതിസന്ധികളും മൂലം ഒരുപാട് കുട്ടികള്‍ പ്രയാസം നേരിടുന്ന ഒരു രോഗമാണ് ടൈപ്പ് വണ്‍ പ്രമേഹം. എന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴിയും എയറ്റീന്‍ അവേഴ്‌സ് എന്ന സിനിമയിലൂടെയും കുറച്ച് പേരിലേക്ക് എങ്കിലും ഈ രോഗത്തെ പറ്റിയുള്ള അറിവ് പങ്കുവെക്കാന്‍ സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്. താരതമ്യേന ചികിത്സാ ചെലവ് അല്‍പം കൂടുതലുള്ള ഒരു രോഗം തന്നെയാണത്. രോഗബാധിതരായ പല കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഇതിന്റെ ചികിത്സാ ചിലവുകള്‍.