സുരേഷ് ഗോപിയുടെ ആ പ്രസംഗത്തോടെ തെരഞ്ഞെടുപ്പില്‍ ഞാന്‍ തോല്‍ക്കുമെന്നുറപ്പായി; അനുഭവം പങ്കുവെച്ച് ഇന്നസെന്റ്‌

നടന്‍ സുരേഷ് ഗോപിക്കൊപ്പം തെരഞ്ഞെടുപ്പ് കാലത്തുണ്ടായ രസകരമായ ഒരു അനുഭവമാണ് ‘ഈ ലോകം അതിലൊരു ഇന്നസെന്റ്’ എന്ന പേരില്‍ ഗൃഹലക്ഷ്മിയില്‍ എഴുതിയ പംക്തിയില്‍ ഇന്നസെന്റ് പങ്കുവെക്കുന്നത്. സിനിമയിലും പുറത്തുമെല്ലാം തമാശയുടെ മേമ്ബൊടിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ് ഇന്നസെന്റിനുള്ളത്. ഏറെ ഗൗരവമുള്ള കാര്യമാണ് പറയാനുള്ളതെങ്കില്‍ പോലും അത് ഒരു തമാശയിലൂടെ മാത്രമാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്.

തനിക്ക് വേണ്ടി പ്രചാരണം നടത്താന്‍ എത്തണമെന്ന് ആരോടും ആവശ്യപ്പെടാതിരുന്നിട്ട് കൂടി തന്നോടുള്ള സ്‌നേഹം കൊണ്ട് സിനിമാ സാംസ്‌ക്കാരിക സാഹിത്യ രംഗത്തെ പലരും വോട്ട് ചോദിക്കാനെത്തിയെന്നും മധു സര്‍, മോഹന്‍ലാല്‍ തുടങ്ങി പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും ഇന്നസെന്റ് പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുവരുന്ന സമയത്ത് തനിക്കായി സുരേഷ് ഗോപി വോട്ടഭ്യര്‍ത്ഥിച്ച്‌ എത്തിയപ്പോഴുണ്ടായ ചില സംഭവങ്ങളാണ് ഇന്നസെന്റ് കുറിപ്പില്‍ പറയുന്നത്.

‘ ഒരു ദിവസം രാവിലെ ഇടവേള ബാബു എന്നെ വിളിച്ചു. ചേട്ടാ സുരേഷ് ഗോപി വരുന്നുണ്ട് ട്ടോ’ , ആരു വിളിച്ചു? ഞാന്‍ ചോദിച്ചു. ‘ അത് ഞാന്‍ വിളിച്ചതാ’ ഇടവേള ബാബു പറഞ്ഞു.

അങ്ങനെ രാവിലെ അങ്കമാലിയിലേക്ക് സുരേഷ് ഗോപിയും നടന്‍ സിദ്ദിഖും കൂടിയെത്തി. അന്ന് സുരേഷ് ഗോപി ബി.ജെ.പി ആയിട്ടില്ല. അതുവരെ ഞാന്‍ എവിടെ ചെല്ലുമ്ബോഴും എന്നെ കാണാനും എന്റെ കൈയിലൊന്നു പിടിക്കാനുമൊക്കെയുള്ള ആള്‍ക്കാരുടെ ആരവം പതിവായിരുന്നു. പക്ഷേ അന്ന് അങ്കമാലിയിലെ ജനങ്ങള്‍ക്ക് എന്നോട് വലിയ താത്പര്യമില്ലായിരുന്നു.

എല്ലാവരും ‘സുരേഷേട്ടാ സുരേഷേട്ടാ’ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ തൊടാനും കാണാനുമാണ് ആവേശം കാണിക്കുന്നത്. റോഡ് ഷോയുമായി അന്ന് രാവിലെ പോയ രണ്ട് സ്ഥലങ്ങളിലും സമാനമായ അനുഭവം. ആര്‍ക്കും എന്നെ വേണ്ട, സുരേഷ് ഗോപിയെ മതി. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്, നമ്മളേക്കാള്‍ മാര്‍ക്കറ്റുള്ള സുന്ദരനായിട്ടുള്ള ആള്‍ക്കാരെ നമ്മള്‍ പ്രചാരണത്തിന് കൊണ്ടുനടക്കരുത്.

ഇവനെ എങ്ങനെ പറഞ്ഞുവിടും എന്നായി പിന്നെ എന്റെ ചിന്ത. അതോടൊപ്പം മറ്റൊരു സംഭവം കൂടിയുണ്ടായി. പ്രചാരണത്തിനിടെ പ്രസംഗിക്കാന്‍ അവസരം കിട്ടിയപ്പോള്‍ സുരേഷ് ഗോപി ചെയ്തത് കോണ്‍ഗ്രസ് നേതാക്കളെ നല്ല ഉഗ്രന്‍ ചീത്ത പറയുകയാണ്.

‘എന്താണ് കോണ്‍ഗ്രസില്‍ നടക്കുന്നത്, ഇപ്പോള്‍ ഒരു ചെറുക്കന്‍, രാഹുല്‍ ഗാന്ധി, അതിന് മുന്‍പ് അവന്റെ അമ്മ സോണിയ ഗാന്ധി, ഈ കുടുംബം എത്ര കാലമായി തുടങ്ങിയിട്ട്..എന്നൊക്കെ പറഞ്ഞ് നെഹ്‌റു കുടുംബത്തെ കടന്നാക്രമിക്കുകയാണ്. അത് കൂടിയായതോടെ ഞാന്‍ ഒന്നുറപ്പിച്ചു. ഈ പ്രസംഗം കേട്ടവരില്‍ എനിക്ക് വോട്ട് ചെയ്യേണ്ടവര്‍ പോലും മറിച്ചുകുത്തുമെന്ന്. കാരണം ഈ പ്രസംഗം കേള്‍ക്കുന്നവര്‍ക്ക് കോണ്‍ഗ്രസിനോട് സഹതാപം തോന്നുകയും അവര്‍ക്ക് വോട്ടിടാം എന്ന് തീരുമാനിക്കുകയും ചെയ്യും. അതോടെ ഉച്ചയ്ക്ക് തന്നെ ഇവനെ എങ്ങനെയെങ്കിലും പറഞ്ഞുവിടണം എന്ന് ഞാന്‍ ഉറപ്പിച്ചു.

സിദ്ദിഖ് എന്റെ അടുത്ത് തന്നെ നില്‍ക്കുന്നുണ്ട്. ‘എടാ നിങ്ങള്‍ എപ്പോഴാ തിരിച്ചുപോകുന്നതെന്ന് പറഞ്ഞത്? ചേട്ടാ വൈകുന്നേരം വരെയുണ്ട്,’ സിദ്ദിഖ് പറഞ്ഞു. വേണ്ടട്ടാ, വേഗം നീ അവനേയും കൂട്ടി വിട്ടോ, അങ്ങനെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായി. ‘ഇന്നസെന്റേട്ടാ, ഞാന്‍ ഭക്ഷണം കഴിച്ച്‌ ഒന്ന് ഫ്രഷായി പെട്ടെന്ന് തന്നെ വരാം, നമുക്ക് ഉച്ചയ്ക്ക് ശേഷം തകര്‍ക്കണം’, സുരേഷ് ഗോപി പറഞ്ഞു. ‘വേണ്ടടാ ഇന്നിനി പ്രചാരണം ഇല്ല. വേറെ പരിപാടികളാ, നിങ്ങള്‍ക്ക് തിരിച്ചുപോകാം’, ഞാന്‍ ലളിതമായി കാര്യം പറഞ്ഞു.

‘അയ്യോ എന്നാല്‍ ഇനി എന്നാണ് വരേണ്ടതെന്ന് ചേട്ടന്‍ പറഞ്ഞാല്‍ മതി. ഞങ്ങള്‍ വേറൊരു ദിവസം കൂടി വരാം’, സുരേഷ് ഗോപി പറഞ്ഞു. ‘ഏയ് വേണമെന്നില്ലെടാ, വന്നതില്‍ സന്തോഷം’, ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അങ്ങനെ അവര്‍ തിരിച്ചുപോയി.’ സുരേഷ് ഗോപി ചെയ്തതെല്ലാം എന്നോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം കൊണ്ടാണ്. പക്ഷേ അതെനിക്ക് തിരിച്ചടിയാകുമെന്ന് അവനറിയില്ലായിരുന്നു എന്ന് മാത്രം’, ഇന്നസെന്റ് പറയുന്നു.