തിരിച്ചടി നൽകി ഇസ്രായേൽ, സിറിയയിൽ വ്യോമാക്രമണം, ഭീകര കേന്ദ്രങ്ങൾ തകർത്തു

ടെൽ അവീവ് : സിറിയൻ അതിർത്തിയിലെ സൈനിക താവളം വ്യോമാക്രമണത്തിലൂടെ തകർത്തു. ഇസ്രായേൽ പ്രതിരോധ സേനയാണ് വിവരം അറിയിച്ചത്. ജൂത വിരുദ്ധ ഭീകര ഗ്രൂപ്പാണ് അതിർത്തിയിൽ കഴിഞ്ഞദിവസം ആക്രമണം നടത്തിയത്. സിറിയയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് ഇവർ. മിസൈൽ ആക്രമണത്തിലൂടെ 14 ഇസ്രായേൽ സൈനികരെ വധിച്ചതായി ഭീകര സംഘടന അറിയിച്ചിരുന്നു. പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി.

ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ വ്യാഴാഴ്ച യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. സിറിയയിലും ഇറാഖിലുമായി സായുധ ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. 21 അമേരിക്കക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു അമേരിക്കയുടെ തിരിച്ചടി.

അതേസമയം ഇസ്രായേൽ ഹമാസ് യുദ്ദത്തിൽ അയവില്ല. വ്യോമാക്രമണത്തെ കൂടാതെ കരമാർഗവും സൈനിക നീക്കം നടത്തുന്നുണ്ട്. ഹമാസ് ഒളിത്താവളങ്ങളും റോക്കറ്റ് ലോഞ്ച് സ്റ്റേഷനുകളും തകർത്തതായി ഇസ്രായേൽ അറിയിച്ചു. ഭൂഗർഭ താവളങ്ങൾ ഒരുക്കിയാണ് ഹമാസ് ആക്രമണം നടത്തുന്നതെന്നും പള്ളികളും സ്‌കൂളുകളും ആശുപത്രികളും ഹമാസ് സുരക്ഷിത താവളമായി ഉപയോഗിക്കുകയാണെന്നാണ് വിവരം.