ഷാഫി കൂടുതൽ നരബലികൾ നടത്തിയിട്ടുണ്ടോ എന്ന് സംശയം

പത്തനംതിട്ട. മന്ത്രവാദി ഷാഫി സംസ്ഥാനത്ത് കൂടുതൽ നരബലികൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. നരബലിക്കായി ഷാഫി സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ ആസൂത്രണത്തിലാണെന്നും മന്ത്രവാദിയുടെ ഓരോ നീക്കവും ശ്രദ്ധാപൂർവം ആയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഷാഫി ഒറ്റയ്ക്ക് ചെയ്തതാണെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. മറ്റുചിലരുടെ സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് പോലീസ് ബലമായി കരുതുന്നത്. ഷാഫി സ്ത്രീകളെ തട്ടിക്കൊണ്ടുപോയ വാഹനം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

കഴിഞ്ഞ രണ്ടുമാസംമുമ്പാണ് സ്ത്രീകളെ കാണാതാവുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തതയും അപ്പോൾ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഷാഫി എന്നയാൾ തിരുവല്ലയിലേക്ക് പോകാമോ എന്ന് ചോദിച്ച് തങ്ങളിൽ ചിലരെ സമീപിച്ചിരുന്നതായി ലോട്ടറി വില്പനക്കാരായ ചില സ്ത്രീകൾ പാെലീസിനെ അറിയിക്കുന്നത്. കടവന്ത്രയിൽ കടനടത്തിയിരുന്ന ഷാഫിയെ ഇവർക്കെല്ലാം അറിയാമായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീ ഷാഫിക്കൊപ്പം പോയ വിവരവും ലഭിക്കുന്നത്. ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ തുടർന്ന് കൊലയുടെ വിവരങ്ങൾ അയാൾ തുറന്നു സമ്മതിക്കുകയായിരുന്നു .

ഇതിനിടെ പൊലീസ് നടത്തിയ പരിശോധനയിൽ ഇരകളിലൊരാളുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുക്കുകയുണ്ടായി. പ്രതിയായ ഭഗൽസിംഗിന്റെ വീടിന് സമീപത്തു നിന്നുമാണ് ഇരകളിൽ ഒരാളായ പത്മയുടെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയിരിക്കുന്നത്. വീട്ടിൽ നിന്നും 50 മീറ്റർ അകലെ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. വീട്ടുവളപ്പിന് അടുത്ത് കാടുമൂടിയ പ്രദേശത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുഴിച്ചിട്ട സ്ഥലം എവിടെയെന്നു പറഞ്ഞിരുന്നു.