ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമായി 20000ത്തോളം കോടീശ്വരൻമാർ രാജ്യം വിടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി . സാമ്പത്തികമായി ഉയർച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമായി 20000 ത്തോളം കോടീശ്വരൻമാർ രാജ്യം വിടുമെന്ന് റിപ്പോർട്ട്. ഹെൻലെ പ്രൈവറ്റ് വെൽത്ത് മെഗ്രേഷൻ റിപ്പോർട്ട് പ്രകാരം 2023ൽ 6,500 അതിസമ്പന്നർ ഇന്ത്യയിൽനിന്നു വിദേശത്തേക്കു പോയേക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ചൈനയിൽനിന്നാവും ഏറ്റവും കൂടുതൽ കോടീശ്വരന്മാരുടെ പലായനം ഉണ്ടാകുക. 13,500 അതിസമ്പന്നർ ചൈന വിട്ടു പോകുമെന്നാണു പ്രവചനം.

രാജ്യാന്തരതലത്തിലെ സാമ്പത്തിക, നിക്ഷേപ കുടിയേറ്റ പ്രണതകളെക്കുറിച്ചാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. അതിസമ്പന്നരിൽനിന്ന് വിദേശനിക്ഷേപം സംബന്ധിച്ച് ഇവർക്ക് ലഭിച്ചിരിക്കുന്ന അന്വേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം 7,500 കോടീശ്വരന്മാരാണ് ഇന്ത്യ വിട്ടു പോയത്. ഇന്ത്യയിൽനിന്ന് ഇത്രയേറെ സമ്പന്നർ പുറത്തേക്കു പോകുന്നതു വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നും അതിലേറെ സമ്പന്നരെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നും ന്യൂ വേൾഡ് വെൽത്തിന്റെ ഗവേഷണ വിഭാഗം മേധാവി ആൻഡ്രൂ അമോയിൽസ് പറഞ്ഞിട്ടുണ്ട്.

അതിസമ്പന്നരായ ഇന്ത്യൻ കുടുംബങ്ങൾ ഇഷ്ടതാവളമാക്കാൻ ആഗ്രഹിക്കുന്നത്, ദുബായ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളാണെന്നാണു റിപ്പോർട്ട്. ഗോൾഡൻ വീസ പദ്ധതി, അനുകൂലമായ നികുതിസംവിധാനം, വ്യവസായ അന്തരീക്ഷം, സുരക്ഷിതവും ശാന്തവുമായ പരിസ്ഥിതി എന്നിവയാണ് ഈ രാജ്യങ്ങളിൽ ആകൃഷ്ടരാവുകാൻ കാരണമാവുക.

ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാർ കുടിയേറുന്ന രാജ്യം ഓസ്‌ട്രേലിയ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 5200 അതിസമ്പന്നരാകും ഓസ്‌ട്രേലിയക്ക് മാത്രം എത്തുക. ദുബായിലേക്ക് 4,500 പേർ പോകും. സിംഗപ്പുർ-3,200, യുഎസ്-2,100 എന്നിങ്ങനെയാണ് പ്രവചനാദത്തിൽ ഉള്ളത്. സ്വിറ്റ്‌സർലൻഡ്, കാനഡ, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ, ന്യൂസീലാൻഡ് എന്നീ രാജ്യങ്ങളും പട്ടികയിൽ ഉണ്ട്.