അയോധ്യയിലെ പ്രാണപ്രതിഷ്ഠ, പുലര്‍ച്ചെ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

കൊച്ചി : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. 121 ആചാര്യന്മാർ ചേർന്നാണ് പ്രതിഷ്ഠ നടത്തിയത്. പ്രാണപ്രതിഷ്ഠ നടന്ന ഇന്ന് പുലര്‍ച്ചെ മോഹൻലാൽ കച്ചേരിപ്പടി–ചിറ്റൂർ റോഡിലുള്ള അയപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിർമാല്യം ദർശനത്തിനെത്തി.

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള പാവക്കുളം ക്ഷേത്രത്തിലായിരുന്നു പ്രധാന ചടങ്ങുകൾ. നഗരത്തിലും സമീപ പ്രദേശങ്ങളിലും വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള 94 ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ആഘോഷ പരിപാടികൾ നടന്നു. രാവിെല ഏഴുമുതൽ ഭക്തർ ക്ഷേത്രത്തിനു മുന്നിൽ പ്രാർഥനാഗാനങ്ങളും ഭജനയുമായി ഒത്തുകൂടിയിരുന്നു.

പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ന്യൂയോർക്കിലും ആഘോഷം നടന്നു. ടൈം സ്‌ക്വയറിൽ ശ്രീരാമചന്ദ്രന്റെ ചിത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. മേഖലയിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ശ്രീരാമ ഭജനുകൾ ആലപിച്ചു. ഇതുസംബന്ധിച്ച ചിത്രങ്ങൾ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.ടൈം സ്‌ക്വയറിൽ ഒത്തുകൂടിയ ഭാരതീയർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചായിരുന്നു എത്തിയത്. രാമഭജനുകളും ഗീതങ്ങളും പാടി അവർ പ്രാണപ്രതിഷ്ഠ ആഘോഷിക്കുകയാണ്. ജയ് ശ്രീറാം എന്നെഴുതിയ കാവിക്കൊടികളുമേന്തിയാണ് ഇന്ത്യൻ സമൂഹം ഒത്തുകൂടിയിരിക്കുന്നത്.