വേറൊരു പാര്‍ട്ടിയിലേക്ക് കൂറു മാറിയിട്ടില്ല, രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ചു- ജഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. നിലവിൽ തീപ്പൊരി ബെന്നി എന്ന ചിത്രമാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. രാഷ്ട്രീയത്തിന് പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രവുമായി ബന്ധപ്പെട്ട് ജ​ഗദീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

തനിക്ക് ഇപ്പോൾ രാഷ്ട്രീയമില്ലെന്നാണ് ജ​ഗദീഷ് പറയുന്നത്. രാഷ്ട്രീയത്തിൽ താനിപ്പോൾ പിന്തുടരാൻ ആ​ഗ്രഹിക്കുന്നത് മമ്മൂട്ടിയെ ആണെന്നും ജ​ഗദീഷ് പറഞ്ഞു. എല്ലാ പാർട്ടിക്കും മമ്മൂട്ടി സ്വീകാര്യനാണെന്നും ജ​ഗദീഷ് കൂട്ടിച്ചേർത്തു.

ഞാൻ ഇപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ചു. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികൾക്കും യോജിപ്പ് ഇല്ലായിരുന്നു. അതിനെ ഒരുപരിധി വരെ കണക്കിലെടുക്കാതെ ആണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അവരുടെ ഉപദേശം കേൾക്കാത്തിന്റെ തിക്ത ഫലം ഞാൻ അനുഭവിക്കുകയും ചെയ്തു. ഏത് തെരഞ്ഞെടുപ്പിലും പരാജിതൻ പരിഹാസ്യനാണ്. എന്നുകരുതി പരാജിതൻ ആയത് കൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ കാര്യത്തോട് യോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

നിലവിൽ രാഷ്ട്രീയത്തിൽ പിന്തുടരാൻ ആ​ഗ്രഹിക്കുന്നത് മമ്മൂക്കയെ ആണ്. ഒരു തെരഞ്ഞെടുപ്പിൽ പ്രധാനമായും മൂന്ന് സ്ഥാനാർത്ഥികൾ ഉണ്ടാകും. ആ മൂന്നു സ്ഥാനാർഥികളെയും ഒരേ പോലെ ആണ് മമ്മൂക്ക സ്വീകരിക്കുക. അദ്ദേഹം ഒരുപാർട്ടിയുടെയും ആളല്ല. ഉമ്മൻ ചാണ്ടിയുടെ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും യോഗത്തിൽ മമ്മൂക്ക പങ്കെടുത്തിട്ടുണ്ട്. പിണറായി സഖാവിന്റെയും എം വി ഗോവിന്ദന്റെ യോഗത്തിലും പങ്കെടുക്കും. അദ്വാനിയുടെ പുസ്തക പ്രകാശനം നിർവഹിച്ചത് മമ്മൂക്കയാണ്.

എല്ലാ പാർട്ടിക്കാർക്കും അദ്ദേഹം സ്വീകാര്യനാണ്. എല്ലാവുമായി സമ അടുപ്പമാണ്. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എനിക്കിപ്പോൾ വളരെ സന്തോഷമാണ്. തോറ്റുപോയി എന്ന നിരാശയോ കുറ്റബോധമോ ഇല്ല. ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് ഞാൻ കൂറു മാറിയിട്ടില്ല. ഞാൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള യോ​ഗ്യത എനിക്കില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഞാൻ മാറിയതാണ്. പൊതുജനമാണ് അക്കാര്യത്തിൽ എനിക്ക് സർട്ടിഫിക്കറ്റ് നൽകിയത്. അത് ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു.