അസുഖം അറിഞ്ഞ ആദ്യ ദിവസം ഒന്ന് കരഞ്ഞു, പിന്നീടൊരിക്കലും കരഞ്ഞില്ല- ജഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് ഈ വർഷമാണ്. ഭാര്യ രമയുടെ വേർപാടുണ്ടാക്കിയ വേദനയിൽ നിന്നും നടൻ ഇപ്പോഴും മുക്തനായിട്ടില്ല. പല വേദികളിലും രമയെ കുറിച്ച് വാചാലനാവാറുള്ള ആളായിരുന്നു ജഗദീഷ്. ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോൾ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഞാൻ അഭിനയിക്കാൻ തുടങ്ങിയപ്പോൾ വല്ലപ്പോഴുമാണ് വീട്ടിൽ വരുന്നത്. കുട്ടികളെ നോക്കുന്നതും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം നോക്കിയത് രമയാണ്. വീട്ടിലെ ഗൃഹനാഥയും ഗൃഹനാഥനും രണ്ടുംകൂടെ ചേർന്നതായിരുന്നു രമ. ന്യൂറോ സംബന്ധമായ അസുഖമായിരുന്നു രമയ്ക്ക് രണ്ട് വർഷം അസുഖം ബാധിച്ച് കിടന്നിരുന്നു. ചികിത്സയില്ലാത്ത അപൂർവ്വമായ രോഗമായിരുന്നു അത്. ബ്രയിനെ ബാധിക്കുന്ന അസുഖമാണ്. ചിക്കൻ പോക്‌സ് ബാധിച്ച ഒരു പേഷ്യന്റിനെ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു, അതിന്റെ വൈറസ് ബാധിച്ചതാകാമെന്നാണ് ആയുർവേദത്തിലെ വിദഗദ്ധർ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ നിന്നും വൈറസ് വരില്ലെന്നാണ് അലോപ്പതി എക്‌സ്‌പേർട്ട്‌സ് പറയുന്നത്. എന്തായിരുന്നാലും അത് വിധി.

ചലിക്കാനുള്ള ശക്തി ഇല്ലാതാക്കുന്ന രോഗമാണ്. അവസാനകാലത്ത് ഞാൻ രമയ്‌ക്കൊപ്പമുണ്ടായിരുന്നു. മാക്‌സിമം കെയർ കൊടുക്കാൻ പറ്റി. ഭാര്യയോട് സ്‌നേഹം മാത്രമല്ല ബഹുമാനവും തോന്നിയിട്ടുണ്ട്. എനിക്കെത്ര പ്രതിഫലം കിട്ടുന്നുണ്ടോ എന്നൊന്നും ചോദിക്കാറില്ല. എന്റെ ലക്ഷങ്ങളേക്കാളും അവർ വിലമതിക്കുന്നത് സ്വന്തം ശമ്പളത്തെയാണ്. ഇംക്രിമെന്റ് കിട്ടുന്ന സമയത്ത് ഈ കാശ് ഞാൻ മക്കൾക്ക് കമ്മൽ വാങ്ങാൻ എടുക്കും എന്നൊക്കെ പറയാറുണ്ട്. സത്യത്തിൽ അങ്ങനെ പറയേണ്ട കാര്യമേയില്ല, പക്ഷേ, രമ എല്ലാം എന്നോട് പറയുമായിരുന്നു.

ആറ്റുകാൽ പൊങ്കാലയുടെ സമയത്ത് രമയ്‌ക്കൊരു വീഴ്ച സംഭവിച്ചിരുന്നു. സ്‌പൈനൽ സംബന്ധമായ പ്രശ്‌നമായിരിക്കുമെന്ന് കരുതിയായിരുന്നു ആദ്യം ചികിത്സിച്ചത്. കുറേക്കഴിഞ്ഞതിന് ശേഷമാണ് അസുഖം എന്താണെന്ന് മനസിലായത്. ബ്രയിന്റെ ഡിസോർഡറാണ്, ഇതിന് ചികിത്സയില്ല, മാക്‌സിമം കെയർ കൊടുക്കുക എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഇടയ്ക്ക് രമയുടെ കൈയ്യക്ഷരം ചെറുതായി പോവുന്നുണ്ടായിരുന്നു. ഒപ്പ് വല്ലാതെ ചെറുതായെന്ന് ഞാൻ പറഞ്ഞപ്പോൾ തോന്നിയതായിരിക്കുമെന്നാണ് പറഞ്ഞത്. ആ അസുഖം സ്ഥിരീകരിച്ചപ്പോൾ അതിന്റെ ലക്ഷണം നോക്കിയപ്പോൾ അതിൽ ഇതുണ്ടായിരുന്നു. നമ്മുടെ മൂവ്‌മെൻസ് ചെറുതായി മൂവാകാനുള്ള ടെൻഡൻസി വരും. അങ്ങനെയാണ് ഒപ്പ് ചെറുതാവുന്നത്.

യാഥാർത്ഥ്യം ഉൾക്കൊണ്ട് ജീവിച്ചയാളാണ് രമ. കരഞ്ഞിരിക്കുകയോ, മരുന്ന് കഴിക്കാതിരിക്കുകയോ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അവസാനനിമിഷം വരെ പൊരുതി ജീവിച്ചയാളാണ്. ഞങ്ങളേയും സങ്കടപ്പെടുത്തിയിട്ടില്ല. അസുഖം അറിഞ്ഞ ആദ്യത്തെ ദിവസം കണ്ണൊന്ന് നിറയുന്നത് കണ്ടിരുന്നു. പിന്നീടൊരിക്കലും കരഞ്ഞിട്ടില്ല. എന്നെയോ കുട്ടികളെയോ തളർത്തുന്ന ഒരു പെരുമാറ്റവും രമയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അസാധ്യ വിൽ പവറായിരുന്നു. അതൊന്നും എല്ലാവർക്കും പറ്റില്ലെന്നുമായിരുന്നു ജഗദീഷ് പറഞ്ഞത്.