ഒരു ആയുസ്സിന്റെ മുഴുവൻ കാര്യങ്ങളും വളരെ നേരത്തെ ചെയ്ത് വച്ചത് കൊണ്ടാകാം നേരത്തെ രമയെ വിളിച്ചത്- ജഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് ഈ വർഷമാണ്. ഭാര്യ രമയുടെ വേർപാടുണ്ടാക്കിയ വേദനയിൽ നിന്നും നടൻ ഇപ്പോഴും മുക്തനായിട്ടില്ല. പല വേദികളിലും രമയെ കുറിച്ച് വാചാലനാവാറുള്ള ആളായിരുന്നു ജഗദീഷ്. ഇപ്പോളിതാ ഭാര്യയെക്കുറിച്ച് ജ​ഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഏതു കാര്യമായാലും അത് കൃത്യമായി നടപ്പിലാക്കുന്ന പെർഫെക്ഷനിസ്റ്റ് ആയിരുന്നു എന്റെ ഭാര്യ. ഒരു ആയുസ്സിന്റെ മുഴുവൻ കാര്യങ്ങളും വളരെ നേരത്തെ തന്നെ ചെയ്ത് വച്ചത് കൊണ്ടാകാം ദൈവം നേരത്തെ തന്നെ രമയെ വിളിച്ചത്. റോഷാക്കിലെയും, കാപ്പയിലെയും ഒക്കെ എന്റെ അഭിനയം കണ്ടിട്ടും ആ സിനിമയുടെ വിജയം കണ്ടും ഏറ്റവുമധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അത് എനിക്ക് നൂറു ശതമാനം അറിയാം. ഒരുപാട് നല്ല വേഷങ്ങൾ എന്നെ തേടിയെത്തുന്നുണ്ട്. കൂടുതലും പുതിയ സംവിധായകരാണ്.

ഹിന്ദിയിൽ ഒരു പാട്ടുണ്ട്. ചിലത് നേടുമ്പോൾ ചിലത് നഷ്ടപ്പെടും എന്ന്. ചിലതു നഷ്ടം ആകുമ്പോൾ ചിലത് നമുക്ക് നേടാൻ കഴിയും എന്ന്,. ഒറ്റയ്ക്ക് ആവാതെ ഇരിക്കാൻ ചില കാര്യങ്ങൾ ചെയ്തു കൊടുത്തേക്കാം എന്ന് ദൈവം കരുതി കാണും. അതാകും തനിക്ക് കിട്ടുന്ന അവസരങ്ങൾ എന്നാണ് ജഗദീഷ് പറഞ്ഞത്. എന്റെ മക്കൾ രണ്ടുപേരും ഡോക്ടർമാരാണ്. അവരത് ആകാനുള്ള പ്രധാന കാരണം എന്റെ ഭാര്യ തന്നെയാണ്. എന്റെ ഭാര്യയുടെ കമ്മിറ്റ്മെന്റാണ് അത്. ഞാൻ സിനിമ എന്ന് പറഞ്ഞ് ഓടി നടന്ന അവസരങ്ങളിൽ എന്റെ മക്കളുടെ കാര്യത്തിൽ പൂർണ്ണ ശ്രദ്ധ കാണിച്ചിട്ടുള്ളത് എന്റെ ഭാര്യ തന്നെ

കാരവൻ ഒന്നും ഇല്ലാത്ത കാലത്ത് പെരുമ്പാവൂരിൽ ഒരു വീടിന്റെ മുറ്റത്ത് ഞാൻ ഇരിക്കുകയായിരുന്നു. സംസാരത്തിന്റെ ഇടയിൽ അരിയുണ്ട വലിയ ഇഷ്ടം ആണെന്ന് ഞാൻ പറഞ്ഞു. ഷൂട്ട് കഴിഞ്ഞു പോകുന്ന ദിവസം ഒരു കവർ നിറയെ അരിയുണ്ട ആ വീട്ടിലെ അമ്മ എനിക്ക് കൊണ്ട് വന്നു തന്നു. ഈ സ്നേഹമാണ് എന്റെ വിജയ രഹസ്യം