ജനതാദൾ ഇനി ബിജെപിക്കൊപ്പം, രണ്ടായിരത്തോളം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു

എറണാകുളം: ജനതാദൾ എസ്, ജനതാ പരിവാർ പ്രവർത്തകർ ബിജെപിയിൽ. രണ്ടായിരത്തോളം ജനതാദൾ (എസ്), ജനതാപരിവാർ പ്രവർത്തകരാണ് ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാനിധ്യത്തിൽ എറണാകുളത്ത് നടന്ന സമ്മേളനത്തിലാണ് ലയനം നടന്നത്. ജനതാദൾ ദേശീയ സമിതിയംഗവും സംസ്ഥാന വക്താവുമായ പാലോട് സന്തോഷ്, ദേശീയ നിർവ്വാഹക സമിതി അംഗം മനോജ് കുമാർ എന്നിവർ അടക്കമുള്ള നേതാക്കളും അവരുടെ അണികളുമാണ് ബിജെപിയിൽ ചേർന്നത്.

ലയന സമ്മേളനം ചരിത്ര സംഭവമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രകാശ് ജാവദേക്കർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസും കമ്യൂണിസ്റ്റും ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന് മലയാളികൾ മനസ്സിലാക്കി തുടങ്ങിയെന്നും അദ്ദേഹം പറയുകയുണ്ടായി. സമൂഹത്തിൽ ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ധ്രുവീകരണം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

പുനർജനി തട്ടിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി ചെറുവിരൽ പോലും അനക്കിയിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ തെളിവുണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.