ലാലു അലക്‌സ് പെണ്ണുകാണാന്‍ വന്ന സമയത്ത് പുറകിലൂടെ പോയി ഇഷ്ടമല്ലെന്ന് ഞാന്‍ പറഞ്ഞു- ജയഭാരതി

മലയാള സിനിമയുടെ മുൻനിര നായികമാരില്‍ ഒരാളായിരുന്നു ജയഭാരതി. വിവിധ ഭാഷകളിലായി 350 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന് ഇപ്പോഴും ആരാധകർ നിരവധിയാണ്. നായികാ വേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് അമ്മ വേഷങ്ങളിലും നിറഞ്ഞുനിന്നിരുന്നു. അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന താരം 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മ യോഗത്തിനെത്തിയത്. തറവാട്ടിലേക്കുള്ള തിരിച്ചുവരവാണിതെന്ന് അമ്മ യോഗത്തിലേക്ക് വന്നതിനെക്കുറിച്ച്‌ ജയഭാരതി പറഞ്ഞു. യോഗത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് നടക്കുന്നതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്നതിനാല്‍ കുറച്ച്‌ താരങ്ങളെ മാത്രമേ അറിയൂവെന്നും അമ്മായോഗത്തിന് ശേഷം ജയഭാരതി പറഞ്ഞു. അതിനൊപ്പം രസകരമായ മറ്റൊരു കാര്യവും താരം പങ്കുവെയ്‌ക്കുകയുണ്ടായി. ആദ്യമായി എന്നെ പെണ്ണ് കാണാൻ വന്നയാള്‍ നടൻ ലാലു അലക്‌സ് ആണെന്നും എന്നാല്‍ അത് ജീവിതത്തിലല്ല സിനിമയിലാണെന്നും ജയഭാരതി പറഞ്ഞു. പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു. സോമനായിരുന്നു ചിത്രത്തിലെ നായകൻ. നക്ഷത്രങ്ങളുടെ കാവല്‍’എന്ന സിനിമയുടെ രംഗങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജയഭാരതി.

മോഹൻലാല്‍ നായകനായ ഒന്നാമനിലാണ് ജയഭാരതി അവസാനമായി അഭിനയിച്ചത്. പിന്നീട് സിനിമാ ലോകത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. 1967-ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ‘പെണ്മക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി അഭിനയരംഗത്തേയ്‌ക്ക് വരുന്നത്. 1969-ല്‍ പി ഭാസ്‌കരൻ സംവിധാനം ചെയ്ത ‘കാട്ടുകുരങ്ങ്’ എന്ന സിനിമയില്‍ നായികാ വേഷം ചെയ്തതോടെയാണ് ജയഭാരതി ശ്രദ്ധിയ്‌ക്കപ്പെട്ടത്. 1972- ല്‍ ‘മാധവിക്കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് ജയഭാരതിയ്‌ക്ക് ലഭിച്ചു. കൂടാതെ ‘മറുപക്കം’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1991-ലെ ദേശീയ പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശവും ജയഭാരതിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.