ഇരയെ വിവാഹം ചെയ്താൽ ബലാത്സംഗ കേസ് ഒഴിവാകും , വിവാദ നിയമവ്യവസ്ഥ പിൻവലിച്ച് ബഹ്റൈൻ

മനാമ: ഇരയെ വിവാഹം ചെയ്താൽ ബലാത്സംഗ കേസ് ഒഴിവാക്കുന്ന പിൻവലിച്ച് ബഹ്റൈൻ. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ വിവാഹം ചെയ്താൽ കേസ് റദ്ദാക്കുന്ന നിയമം പിൻവലിച്ചതായി ഹമദ് രാജാവ് ഉത്തരവിട്ടു. 1967-ലെ ശിക്ഷാ നിയമത്തിലെ 353-ാം വകുപ്പാണ് ശരീഅത്ത് നിയമത്തിന് എതിരാണെന്ന് കൂടി കണക്കിലെടുത്ത് റദ്ദാക്കിയത്. ശരീഅത്ത് നിയമം അനുശാസിക്കുന്നത് പ്രകാരം വിവാഹത്തിന് വധൂവരന്മാരുടെ പൂർണസമ്മതം ആവശ്യമാണ്.

എന്നാൽ മേൽപ്പറഞ്ഞ നിയമവ്യവസ്ഥ പ്രകാരം ബലാത്സംഗത്തിന് ഇരയായ സ്ത്രീയ്ക്ക് പ്രതിയെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിവാഹം ചെയ്യേണ്ടി വന്നേക്കാം. ഇത്തരം വിവാഹങ്ങൾ ശരീഅത്ത് നിയമപ്രകാരം സാധുവായി കണക്കാക്കാനാകില്ലെന്ന് പാർലമെന്റ് അറിയിച്ചിരുന്നു.

ഇരകൾ നാണക്കേട് ഭയന്നും കുടുംബത്തിന്റെ അഭിമാനം ഓർത്തും വിവാഹത്തിന് നിർബന്ധിതരാകാമെന്നും അത് പരിഷ്കൃത സമൂഹത്തിന് ഉതകുന്നതല്ലെന്നും സർവീസസ് കമ്മറ്റിയും ചൂണ്ടിക്കാട്ടി. പാർലമെന്റും ശൂറാ കൗൺസിലും നേരത്തെ തന്നെ സമാനമായ നിലപാട് സ്വീകരിച്ചതിനാൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ നിയമം പിൻവലിച്ച നടപടി പ്രാബല്യത്തിൽ വരും.