മമ്മുക്ക കൊച്ചുകുട്ടികളെ പോലെ മാറി നിന്ന് കരയുന്നതാണ് ഞാന്‍ കണ്ടത്, ജയറാം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി അദ്ദേഹം മാറി. പിന്നീട് മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ ജയറാമെത്തി. ഇപ്പോള്‍ നടന്‍ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജയറാം. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ അര്‍ത്ഥം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയുണ്ടായ സംഭവമാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ, എന്റെ കഥാപാത്രം റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ വരുമ്‌ബോള്‍ അവിടെ നിന്നു എന്നെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. കൊല്ലം കൊട്ടാരക്കര ചെങ്കോട്ട റൂട്ടില്‍ ഓടുന്ന ട്രെയിന് മുന്നിലായിരുന്നു എന്നെയും കൊണ്ടുള്ള മമ്മുക്കയുടെ സാഹസികപ്രകടനം. വളരെ റിസ്‌ക് എടുത്തു ചിത്രീകരിച്ച രംഗമാണത്. ആ സീന്‍ ചെയ്യും മുമ്പ് മമ്മുക്ക വല്ലാതെ ടെന്‍ഷനായി. രാത്രിയായതിനാല്‍ ട്രെയിന്റെ മുന്നിലെ ലൈറ്റ് മാത്രമേ വ്യക്തമായി തെളിയൂ.

ട്രെയിന് മുന്നില്‍ ചാടാന്‍ നില്‍ക്കുന്ന എന്നെ പിടിച്ചു മാറ്റാന്‍ റെഡിയായി നില്‍ക്കുന്ന മമ്മുക്കയുടെ കൈകള്‍ വിറയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്തായാലും മമ്മുക്ക എന്നെ കറക്ട് ടൈമിംഗില്‍ പിടിച്ചു മാറ്റി. അതിനു ശേഷം മമ്മുക്ക കൊച്ചുകുട്ടികളെ പോലെ മാറി നിന്ന് കരയുന്നതാണ് ഞാന്‍ കണ്ടത്.