മുബിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ജിഹാദി പുസ്തകങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും

ചെന്നൈ. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമേഷ് മുബിന്റെ വീട്ടില്‍ നിന്നും 109 തരം വസ്തുക്കള്‍ എന്‍ഐഎ കണ്ടെത്തി. ഇസ്ലാമിക മതഗ്രന്ഥങ്ങള്‍, ജിഹാദിനെ കുറിച്ചുള്ള പുസ്തകങ്ങള്‍, ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിനും സ്‌ഫോടനത്തിനും കേസെടുത്താണ് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്.

എന്‍ഐഎയുടെ ചെന്നൈ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. അതേസമയം കോയമ്പത്തൂരില്‍ മത തീവ്രവാദികള്‍ ലക്ഷ്യമിട്ടത് കൂട്ടക്കുരുതിയായിരുന്നു എന്ന വിവരങ്ങള്‍ പുറത്ത്. അതിനായി സ്‌ഫോടക വസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങുകയായിരുന്നു ഇവര്‍. തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനുള്ള പകരം വീട്ടലായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. ആള്‍നാശം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നു കമ്മീഷണര്‍ വി.ബാലകൃഷ്ണന്‍ വ്യക്തമാക്കി. ചില സ്ഥാപനങ്ങള്‍ തകര്‍ക്കലും ലക്ഷ്യമിട്ടിരുന്നു.

കോയമ്പത്തൂര്‍ ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്‌ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളില്‍ ചിലത് പ്രതികള്‍ ഓണ്‍ലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌ഫോടനത്തിനായി മറ്റെന്തൊക്കെ സാമഗ്രികള്‍ ഓണ്‍ലൈനായി ശേഖരിച്ചു എന്നറിയാനായി ആമസോണിനോടും ഫ്‌ലിപ് കാര്‍ട്ടിനോടും ഇടപാടു വിവരങ്ങള്‍ തേടിയിരിക്കുകയാണ് പോലീസ്.