സിപിഎം നേതാക്കളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

കേരള ബാങ്കിൽ ക്ലർക്ക് ജോലി വാങ്ങിത്തരാമെന്ന വ്യാജേന സിപിഎം നേതാക്കളുടെ പേരിൽ തട്ടിപ്പെന്ന് പരാതി. ഒന്നരലക്ഷം മുൻകൂറായി നൽകിയാൽ, രണ്ട് മാസത്തിനകം നിയമനം ഉറപ്പിക്കാം എന്നാണ് തട്ടിപ്പ് സംഘത്തിന്‍റെ വാഗ്ദാനം. എന്നാല്‍, തട്ടിപ്പുമായി ഒരു ബന്ധവും ഇല്ലെന്നും എല്ലാത്തിനും പിന്നിൽ വിജയകുമാർ ആണെന്നുമാണ് സിദ്ദീഖ് പറയുന്നത്.

എംഎൽഎയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ക്ലർക്ക് ജോലി ഉറപ്പിക്കാൻ ഏഴ് ലക്ഷം നൽകണം എന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. തട്ടിപ്പ് നടത്തിയ സിദ്ദീഖിനും വിജയകുമാറിനുമതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എ പ്രഭാകരൻ എംഎല്‍എ പാലക്കാട് ജില്ലാ എസ്പിക്ക് പരാതി നൽകി. മകന്‍റെ ജോലിക്കായി കൂത്താട്ടുകുളം സ്വദേശി രാജു, തട്ടിപ്പ് സംഘവുമായി നടത്തിയ സംഭാഷണം മലമ്പുഴ എംഎൽഎ പുറത്തുവിട്ടു.

മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവരുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. പാലക്കാട് ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ ചാല സ്വദേശി സിദ്ദീഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് മലമ്പുഴ എംഎൽഎ എ പ്രഭാകരൻ പറയുന്നത്. ഏഴ് ലക്ഷം രൂപ നൽകിയാൽ കേരള ബാങ്കിൽ ക്ലർക്ക് ജോലി വാങ്ങിത്തരാം എന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം.