എന്നെ തനിച്ചാക്കി അവരെ ദൈവം തിരികെ വിളിച്ചു, ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞനാണ് ജോണ്‍സണ്‍ മാസ്റ്റര്‍. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഈ മരണത്തില്‍ ഭാര്യ റാണി തകര്‍ന്നു പോയിരുന്നു. പ്രിയതമനെ നഷ്ടമായ വേദന അതിജീവിച്ച് വരുമ്പോളാണ് ബൈക്ക് അപകടത്തില്‍ മകന്‍ റെന്‍ മരിക്കുന്നത്. ഒടുവില്‍ ആ വേദനയും തരണം ചെയ്ത് റാണിയും മകളും ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വിധിയുടെ വിളയാട്ടം. അമ്മ റാണിയെ തനിച്ചാക്കി മകള്‍ ഷാനും വിടവാങ്ങി. ഭര്‍ത്താവും മക്കളും വിട്ടും പിരഞ്ഞതിന്റെ സങ്കടം ഇപ്പോഴും റാണിക്ക് സഹിക്കാന്‍ ആവുന്നില്ല. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിനെയും കുട്ടികളെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് റാണി.

റാണിയുടെ വാക്കുകള്‍ ഇങ്ങനെ, അവരെ എനിക്ക് തന്നത് ദൈവമാണ്, ആ ദൈവം തന്നെ തിരികെ വിളിക്കുകയും ചെയ്തു. ചേട്ടന്റെ മരണം താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. അതിനിടയിലാണ് മകനും പിന്നീട് മകളും പോയത്. ശൂന്യതയിലാണ് താനിപ്പോള്‍. സംഗീത സംവിധായകനായ അര്‍ജുനന്‍ മാഷായിരുന്നു താനും ജോണ്‍സണുമായി വിവാഹം ആലോചിച്ചത്. സംഗീത സംവിധായകന്‍ ജോണ്‍സണെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ ജാനകിയേയും യേശുദാസിനേയും അറിയാമെന്നായിരുന്നു എന്റെ മറുപടി. അന്ന് എല്ലാവരുടെ മുന്നിലും എന്നെ നാണംകെടുത്തിയെന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്.

പൊന്തന്‍മാടയിലെ സംഗീതത്തിന് ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. നീ ജീവിതത്തിലേക്ക് വന്നതോടെയാണ് അവാര്‍ഡും ലഭിച്ച് തുടങ്ങിയതെന്നായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍ പറഞ്ഞത്. സംസ്ഥാന അവാര്‍ഡിന് പിന്നാലെയായാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. മമ്മൂട്ടിയായിരുന്നു ദേശീയ അവാര്‍ഡ് ലഭിച്ച വിവരം ജോണ്‍സണെ അറിയിച്ചത്.

തിരക്കുകളില്ലാത്ത സമയത്ത് ജോണ്‍സണ്‍ മാസ്റ്റര്‍ കുടുംബത്തിനൊപ്പമുണ്ടാവും. വീട്ടിലെ കാര്യങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം ഒരുമിച്ച് പങ്കുവെക്കും. മകളും ഡാഡിയും ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുണ്ട്. മകന്‍ അങ്ങനെ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ഡാഡിക്കൊപ്പം എല്ലായിടത്തേക്കും പോവാറുണ്ട്.