സേവനവഴിയില്‍ വാഹനത്തില്‍വെച്ചെടുത്ത അവസാന വീഡിയോ പങ്കുവെച്ചു ; തൊട്ടുപിന്നാലെ മരണം , നൊമ്പരമായി മെൽവിൻ

പേരാമ്പ്ര: ജോഷിമഠിൽ ഉണ്ടായ അപകടത്തിൽ മരിച്ച വൈദിഹൻ മെൽവിൻ നാടിൻറെ നൊമ്പരമായി. ജോഷിമഠിലെ പ്രകൃതിദുരന്തം നേരിടുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല. സേവനവഴിയില്‍ വാഹനത്തില്‍വെച്ചെടുത്ത അവസാന വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചതിനുപിന്നാലെയാണ് അപകടമുണ്ടായത്. മെൽവിനും സംഘവും സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ കാറിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു.

ബിജ്നോര്‍ രൂപതയിലുള്ളവരോട് ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ വിവരിച്ചത്. 25-ഓളം കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ അത്യാവശ്യമായി വേണ്ടിയിരുന്നു. ഉടനെ കോട്ദ്വാറിലെ ബിഷപ്പ് ഹൗസില്‍നിന്ന് ഭക്ഷണമടക്കമുള്ള സാധനങ്ങളുമായി ഫാ. മെല്‍വിന്‍ തനിയെ ജീപ്പില്‍ പുറപ്പെട്ടു. 320-ഓളം കിലോമീറ്റര്‍ അകലെയായിരുന്നു ജോഷിമഠ്. 17-ന് രാവിലെ പത്തോടെ യാത്രതിരിച്ച്, മലകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ വെയിലുള്ള നല്ല കാലാവസ്ഥയാണെന്നും സന്തോഷത്തോടെയുള്ള യാത്രയാണെന്നും മെല്‍വിന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

മെൽവിൻ ജോഷിമഠിലെത്തി സാധനങ്ങളെല്ലാം കൈമാറി, 19-നാണ് തനിയെ തിരികെ മടങ്ങാന്‍ ഒരുങ്ങിയത്. അതിനുമുമ്പ് രണ്ടുമലയാളികള്‍ക്കൊപ്പം ജോഷിമഠിലെ പാതകളിലൂടെ സഞ്ചരിച്ചപ്പോഴാണ് അപകടമെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷത്തില്‍ മഞ്ഞുവീഴ്ചയുള്ള പാതയിലൂടെയായിരുന്നു യാത്ര. മഞ്ഞില്‍ തെന്നി, വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. തൊട്ടുമുമ്പ് പുറത്തിറങ്ങി, വാഹനം നിര്‍ത്താന്‍ പരിശ്രമിച്ച ഫാ. അജോവിനും അനൂപിനും ഒന്നുംചെയ്യാനാകാതെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നു.

കുളത്തുവയല്‍ ഹൈസ്‌കൂളില്‍ പത്താംതരം കഴിഞ്ഞശേഷം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലും അലഹാബാദിലുമായിട്ടായിരുന്നു വൈദികപഠനം. അവിടെത്തന്നെ സേവനവും തുടര്‍ന്നു. 2015-ലാണ് ചക്കിട്ടപാറ സെയ്ന്റ് ആന്റണീസ് പള്ളിയില്‍വെച്ച് പൗരോഹിത്യം സ്വീകരിച്ചത്. വര്‍ഷത്തില്‍ ഒരുതവണ നാട്ടിലെത്താറുണ്ടായിരുന്നു. മാതാപിതാക്കളായ അബ്രഹാമും കാതറിനും തിങ്കളാഴ്ച ഉത്തരാഖണ്ഡിലെത്തി മകനെ അവസാനമായി കാണും