ഡിപ്രഷനിൽ നിങ്ങളവൾക്കൊരു ഉമ്മ കൊടുക്കാമോ ? കുറിപ്പുമായി മാധ്യമ പ്രവർത്തകൻ

മാധ്യമ പ്രവർത്തകൻ വിവേക് മുഴുക്കുന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഡിപ്രഷനിൽ നിങ്ങളവൾക്കൊരു ഉമ്മ കൊടുക്കാമോ ? എന്ന ചോദ്യത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ഞാനവളെ ചേർത്തുപിടിച്ചു. എനിക്ക് ആ സാഹചര്യം മനസ്സിലാക്കാനായി. ചിലപ്പോൾ തിരിച്ചു കിട്ടാനാകാത്തവിധം വിഷാദത്തിന്റെ അഗാധ ഗർത്തങ്ങളുടെ മുനമ്പിലാണവൾ. ഏതുനിമിഷവും വീണു പോയേക്കാം… എന്താണ് കാരണം ?ഞാൻ പിറകോട്ട് സഞ്ചരിച്ചു ….ഇല്ല . ഞങ്ങൾക്കിടയിൽ സ്നേഹക്കുറവുണ്ടായിട്ടില്ല. അവഗണനയുടെ മതിലുകൾ പരസ്പരം തീർത്തിട്ടില്ല. കാരണമുണ്ടാക്കി അങ്കം വെട്ടിയിട്ടില്ല. വീഴാൻ പോകുമ്പോൾ താങ്ങാതിരുന്നിട്ടില്ല. കൊടുംചൂടിലും ഉമ്മകൾ പങ്കുവെക്കാതിരുന്നിട്ടില്ല….എന്നിട്ടും അവളുടെ ചിന്ത വഴിമാറിയതിന് കാരണമുണ്ടെങ്കിൽ ഒന്നേയുള്ളൂ – മോൻ അടുത്തില്ല …’നമ്മൾ അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നു.’ അവൾ ചിരിച്ചു. ചിരിയിൽ അവൾ അവളെ വീണ്ടെടുക്കുന്നതായി തോന്നിയെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഡിപ്രഷനിൽ നിങ്ങളവൾക്കൊരു ഉമ്മ കൊടുക്കാമോ ? ഞാൻ ഓഫീസിലായിരുന്നു- രമേഷ് പിഷാരടിയുടെ നർമ്മത്തിനും ഐശ്വര്യലക്ഷ്മിയുടെ ചിരിക്കും അഞ്ജു ജോസഫിന്റെ പാട്ടിനുമിടയിൽ. പെട്ടെന്ന് മൊബൈൽ ഡിസ്പ്ലേയിൽ ഭാര്യയുടെ കോൾ. രണ്ടുതവണ അത് എരിഞ്ഞുതീരുന്നതുവരെ ഞാൻ ചുമ്മാ നോക്കിനിന്നു. അല്പനിമിഷത്തിനകം അവളുടെ മെസ്സേജ് – ‘തിരക്കില്ലെങ്കിൽ ഒന്ന് വീട്ടിലേക്ക് വരാമോ?’ അത് പതിവില്ലാത്തതാണ്.ഓ! അവൾ വീട്ടിൽ തനിച്ചാണല്ലോ. മോൻ നാട്ടിലാണ്. ഞാനെത്തുമ്പോൾ ഗേറ്റ് തുറന്ന് മുറ്റത്തുതന്നെ നിൽക്കുന്നുണ്ട് ശ്വേത. സന്തോഷം. കൈപിടിച്ച് അകത്തേക്കുനടന്നു. സോഫയിൽ ഒന്നിച്ചിരുന്നു. എന്റെ പുരികങ്ങളിൽ ഉയർന്ന ചോദ്യങ്ങളെ ശ്വേത ചിരിച്ചുകൊണ്ട് തോൽപ്പിച്ചു. ‘ഇവിടെ ഇരിക്കെടോ’. കൈ കൂടുതൽ മുറുക്കിപ്പിടിച്ചുകൊണ്ട് അവൾ മിണ്ടി. അതിനെ ഇങ്ങനെ ചുരുക്കുന്നു- ‘അടുത്ത് ആരും ഇല്ലാത്തതുപോലെ…. മനസ്സിൽ സങ്കടങ്ങൾ ഉരുൾപൊട്ടുന്നു …. ആത്മവിശ്വാസം ഇല്ലാതാകുന്നു…. ആത്മാഭിമാനത്തെക്കുറിച്ചുപോലും ചിന്തിച്ചു പോകുന്നു…..’

ഞാനവളെ ചേർത്തുപിടിച്ചു. എനിക്ക് ആ സാഹചര്യം മനസ്സിലാക്കാനായി. ചിലപ്പോൾ തിരിച്ചു കിട്ടാനാകാത്തവിധം വിഷാദത്തിന്റെ അഗാധ ഗർത്തങ്ങളുടെ മുനമ്പിലാണവൾ. ഏതുനിമിഷവും വീണു പോയേക്കാം… എന്താണ് കാരണം ?ഞാൻ പിറകോട്ട് സഞ്ചരിച്ചു ….ഇല്ല . ഞങ്ങൾക്കിടയിൽ സ്നേഹക്കുറവുണ്ടായിട്ടില്ല. അവഗണനയുടെ മതിലുകൾ പരസ്പരം തീർത്തിട്ടില്ല. കാരണമുണ്ടാക്കി അങ്കം വെട്ടിയിട്ടില്ല. വീഴാൻ പോകുമ്പോൾ താങ്ങാതിരുന്നിട്ടില്ല. കൊടുംചൂടിലും ഉമ്മകൾ പങ്കുവെക്കാതിരുന്നിട്ടില്ല…. എന്നിട്ടും അവളുടെ ചിന്ത വഴിമാറിയതിന് കാരണമുണ്ടെങ്കിൽ ഒന്നേയുള്ളൂ – മോൻ അടുത്തില്ല …’നമ്മൾ അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നു.’ അവൾ ചിരിച്ചു. ചിരിയിൽ അവൾ അവളെ വീണ്ടെടുക്കുന്നതായി തോന്നി.

എന്റെ ചിന്ത അപ്പോഴേക്കും മറ്റൊരു കാട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ചുറ്റുമുള്ള സ്ത്രീകളെകുറിച്ച് ഞാൻ ആലോചിച്ചു. വീട്ടുജോലിയും മക്കളുടെ ഓൺലൈൻ ക്ലാസുകളും സ്വന്തം തൊഴിലിടവുമൊക്കെ സൃഷ്ടിക്കുന്ന സംഘർഷങ്ങൾക്കിടയിൽ അവരുടെ മുന്നിൽ പതിയിരിക്കുന്ന വിഷാദസിംഹങ്ങളെയോർത്ത് ഭയന്നു. ചിരിക്കാൻപോലും മറന്നുപോകുന്നവർ. അവരോട് ചിരിക്കാനും മടിയാണ് നമുക്ക്. വിഷാദങ്ങൾക്ക് കാരണങ്ങൾ നിരവധിയുണ്ട്. എറ്റവും പ്രധാനം ഇഷ്ടമുള്ളവരുടെ സ്നേഹം നഷ്ടപ്പെടുന്നതാണ്. സ്നേഹം ഇത്തിരി കുറയുമ്പോൾപോലും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ആ സമയം ഒരു കൈനീട്ടുക. ഒരു ചുമൽ പങ്കുവയ്ക്കുക.മരണത്തെക്കുറിച്ച്, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ ഒരാൾക്ക് എത്ര സമയം വേണം ?!ഭാര്യയുടെ സാരി എടുത്ത് വെയിലത്ത് ഉണങ്ങാനിട്ടതിന് സുഹൃത്തുക്കൾ പെൺകോന്തൻ എന്ന് വിളിച്ചുകളിയാക്കിയപ്പോൾ മരിക്കാൻപോയ ഒരു ദിനേശേട്ടനുണ്ടായിരുന്നുപരിചയത്തിൽ. അദ്ദേഹം മരിച്ചില്ല ! അതിന്റെ കാരണം തന്റെ ഇണയുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടത് കൊണ്ടാവണം എന്ന് ഞാനിന്നും വിശ്വസിക്കുന്നു.

മൂഡ് സ്വിങ്ങിന്റെ എക്സിബിഷൻ ഗ്യാലറിയാണ് ഓരോ സ്ത്രീയും. ഭ്രമകൽപനയുടെ താഴ്‌വാരങ്ങളിൽ, വജ്രശോഭയുള്ള സങ്കൽപങ്ങളിൽ മനസ്സൊന്നു നടക്കാൻ ഇറങ്ങിയാൽ നമുക്കവരെ പിന്തുണക്കാൻ കഴിയണം. അവർക്കൊപ്പം അൽപനേരം ഇരിക്കാൻ കഴിയണം. അവളുടെ വസ്ത്രമൊന്ന് കഴുകിയിട്ടാൽ, അവളുടെ മുടിയിൽ എണ്ണ തേച്ചുകൊടുത്താൽ, അവളുടെ നഖങ്ങളിൽ ക്യൂട്ടക്സിട്ടുകൊടുത്താൽ, അവളെയൊന്ന് ചേർത്തണച്ചാൽ,അവളുടെ സ്വപ്നങ്ങളെ അടുത്തറിയാൻ ശ്രമിച്ചാൽ ….. അവളുടെ മാത്രമല്ല നമ്മുടെയും സന്തോഷമാകുമത്. ആത്മാഭിമാനം ഉയരും; ആത്മവിശ്വാസവും. ചിന്തയുടെ അശ്വവേഗങ്ങളിലേക്ക് പിഷാരടിയുടെ കോൾ. ‘എവിടെപ്പോയി ?’ ‘ഞാൻ ശ്വേതയുടെ അടുത്തുണ്ട്’ഓക്കെ എന്നുപറഞ്ഞ് ഫോൺ കട്ടായി.കാരവാനിൽ ശ്വേതാ മേനോനുണ്ട്.ഫ്ലോറിൽ ശ്വേതാ മോഹനും. വിവേക് അവിടെയുണ്ടാകുമെന്ന് പിഷാരടി കരുതിക്കാണും. ഞാനിതാ ഇവിടെ എന്റെ ശ്വേതയ്ക്കരികെ.’എന്റെ താമസം പതിനേഴാം നിലയിലാണ്.ചന്ദ്രന് എന്റെ ഏകാന്തത കാണാം.പക്ഷേ, എനിക്ക് ചന്ദ്രന്റെ ആകാശംതൊടാനാവില്ല’ – എന്ന് സച്ചി മാഷ് പറയുന്നുണ്ട് ഏറ്റവും പുതിയ കവിതയിൽ.പ്രിയപ്പെട്ടവളേ,നമുക്കൊരേ ആകാശത്തിനു കീഴിൽപരസ്പരം പുണർന്നുറങ്ങാം, ഉണരാം.-വിവേക് മുഴക്കുന്ന്.(എന്നോട് ചോദിക്കാതെ എടുത്ത ഫോട്ടോ നിന്നോട് ചോദിക്കാതെ ഞാൻ ഉപയോഗിക്കുന്നു)