കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ്, പിന്തുണയുമായി ജോയ് മാത്യു

വാഹനം രൂപമാറ്റം വരുത്തിയതടക്കമുള്ള കേസുകള്‍ ചുമത്തി അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരന്മാര്‍ക്ക് പിന്തുണയുമായി ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഇ ബുള്‍ ജെറ്റ് പൊളിയാണെന്ന് ജോയ് മാത്യു പറയുന്നു. മാത്രമല്ല ഇവരെ വിമര്‍ശിക്കുന്നവര്‍ പുതുമണ്ണില്‍ ഉഴുതു മറിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കുട്ടികള്‍ ചില്ലറക്കാരല്ല ഈ ബുള്‍ ജെറ്റ് പൊളിയാണ് മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്. ജോയി മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ജോയി മാത്യു ഇബുള്‍ ജെറ്റിന്റെ നിയമലംഘനത്തെ പിന്തുണയ്ക്കുന്ന തരത്തിലാണോ സംസാരിക്കുന്നത് എന്ന തരത്തില്‍ നിരവധി കമന്റുകളും ഈ പോസ്റ്റിനടിയില്‍ എത്തുന്നുണ്ട്.

അതേസമയം നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി ബഹളം വെച്ചതോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തങ്ങളെ അകാരണമായി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നു എന്നാരോപിച്ച് ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ ലൈവ് വീഡിയോ ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.

വാന്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാവിലെ കണ്ണൂര്‍ എംവിഡി ഓഫീസില്‍ എത്താന്‍ ഇരുവര്‍ക്കും നോട്ടീസും നല്‍കിയിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത വിവരം യൂട്യൂബ് വീഡിയോയിലൂടെ ഇവര്‍ തന്നെ അറിയിച്ചിരുന്നു. മാത്രമല്ല തങ്ങളുടെ ആരാധകരോട് എംവിഡി ഓഫീസില്‍ എത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്റെ പിഴയും ഉള്‍പ്പടെ 42,400 രൂപ ഒടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാന്‍ വിസമ്മതിച്ച ഇവര്‍ ഓഫീസില്‍ ബഹളമുണ്ടാക്കി. മര്‍ദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയര്‍ത്തു. ഒടുവില്‍ പോലീസ് എത്തി എബിനെയും ലിബിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.