തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി; ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി

തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ എൻഡിഎ ഘടകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി രംഗത്ത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സി.കെ ജാനുവിന്റെ പാർട്ടി ആരോപിച്ചു. ബത്തേരിയിൽ ബിജെപി നേതാക്കൾ പ്രചാരണത്തിൽ സഹകരിച്ചില്ലെന്നും പര്യടന പരിപാടികളിൽ മനഃപൂർവം പിഴവുണ്ടാക്കിയെന്നും ജനാധിപത്യ രാഷ്ട്രീയ പാർട്ടി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നു എന്നതാണ് പ്രധാന ആരോപണം. ബത്തേരിയിൽ ബിജെപി നേതാക്കൾ പ്രചാരണത്തിൽ സഹകരിച്ചില്ല. പ്രചാരണത്തിനെത്തിയ അമിത് ഷായെ പോലും മണ്ഡലത്തിലെ സാഹചര്യങ്ങൾ ധരിപ്പിച്ചില്ല. മണ്ഡലത്തിൽ സി.കെ ജാനുവിന് വോട്ടു കുറയുമെന്നും പാർട്ടി ആരോപിക്കുന്നു. ജില്ലാ നേതൃത്വത്തിന്റെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പരാതി നൽകി. അതേസമയം, പരാതി തന്റെ അറിവോടെയല്ലെന്ന് സി.കെ ജാനു പറഞ്ഞു.