18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകും: മുഖ്യമന്ത്രി

വാക്‌സിന്‍ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ കുറച്ചു ദിവസങ്ങൾകൂടി വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാതാക്കളിൽ നിന്നും വാക്സിൻ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നാളെ മുതൽ നൽകാൻ സാധിക്കില്ല. അതു മനസിലാക്കി വാക്സിൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകാതെ നോക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മെയ് 30 നുള്ളിൽ 45 വയസ്സിനുമുകളിലുള്ള ആളുകൾക്ക് വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ അതിനാവശ്യമായ വാക്സിൻ ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിൽ ഇതുവരെ രണ്ടാമത്തെ ഡോസു കൂടെ കണക്കിലെടുത്താൽ 74 ലക്ഷത്തിൽ പരം ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. മെയ് 30-നുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം പോലുമായിട്ടില്ല. അതിനാൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടനടി ഉണ്ടാകേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ വാക്സിനേഷൻ സെന്ററുകൾ രോഗം പകർത്താനുള്ള കേന്ദ്രങ്ങളായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ ഡോസിനു സമയമാകുന്നവരുടെ ലിസ്റ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ മാനേജർമാർ പ്രസിദ്ധീകരിക്കുകയും, അവരെ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യും. അങ്ങനെ സമയം അറിയിക്കുമ്പോൾ മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചെല്ലാൻ പാടുകയുള്ളൂ. രണ്ടാമത്തെ ഡോസു കിട്ടില്ലെന്ന പരിഭ്രാന്തി ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ 18 വയസിനുമുകളിലുള്ളവർക്ക് വാക്സിനേഷൻ നടത്തണമെങ്കിൽ 93 കോടിയിൽ അധികം ആളുകൾക്ക് വാക്സിൻ നൽകേണ്ടതായി വരും. 45 വയസ്സിനു മുകളിലുള്ളത് 30 കോടി ആളുകളാണ്. അതിൽ 12.95 കോടി ആളുകൾക്കാണ് കേന്ദ്ര സർക്കാർ ഇതുവരെ വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്.