നടി ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. എറണാകുളത്ത് വെച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. മകനൊപ്പം യാത്ര ചെയ്യവെ ഇവരുടെ വാഹനത്തില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം സണ്‍റൈസ് ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ സംസ്‌കാരം നടക്കുമെന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ചോറ്റാനിക്കരയിലുള്ള ജൂഹിയുടെ അമ്മയുടെ വസതിയില്‍ വെച്ചാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക എന്നും സൂചനയുണ്ട്,

ഇന്നലെ പുലര്‍ച്ചെയാണ് മിനിസ്‌ക്രീന്‍ താരമായ നടന്‍ വലിയശാല രമേശിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിച്ചിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമാ ലൊക്കേഷനില്‍ സന്തോഷവാനായി കാണപ്പെട്ട താരത്തിന്റെ അപ്രതീക്ഷിതമായ വിയോഗം പലര്‍ക്കും അംഗീകരിക്കാന്‍ പോലുമാകുന്നതായിരുന്നില്ല. വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച്, സന്തോഷത്തോടെയായിരുന്നു അദ്ദേഹം മടങ്ങിയത്. തന്റെ ഭാഗം പൂര്‍ത്തിയാക്കി മടങ്ങിയ രമേശിന്റെ വിയോഗം അറിഞ്ഞതിനെക്കുറിച്ച് പറഞ്ഞ് അണിയറപ്രവര്‍ത്തകരും എത്തിയത്. എന്തിനായിരുന്നു ചേട്ടാ ഈ കടുംകൈയ്യെന്നായിരുന്നു എല്ലാവരുടേയും ചോദ്യം.

ഇതേ രീതിയില്‍ തന്നെ വളരെ അപ്രതീക്ഷിതമായിട്ടാണ് ലെച്ചുവിന്റെ അമ്മയുടെ വിയോഗവും. സംഭവം അറിഞ്ഞവരൊക്കെ തന്നെ സോഷ്യല്‍# മീഡിയകളിലൂടെയും മറ്റുമായി ഭാഗ്യലക്ഷ്മി രഘുവീരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പകുതി മലായളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി. താരം പലപ്പോഴും തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ജൂഹിയുടെ അച്ഛന്‍ രഘുവീര്‍ ശരണ്‍ റുസ്തഗിക്ക് എറണാകുളത്ത് ബിസിനസാണ്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെണ്‍കുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. ചോറ്റാനിക്കര സ്വദേശിനിയാണ് ഭാഗ്യലക്ഷ്മി. ചിരാഗ് എന്ന് പേരുള്ള ഒരു ചേട്ടനുമുണ്ട്. സഹോദരനൊപ്പം യാത്രയ്ക്കിടെ ആയിരുന്നു അപകടം സംഭവിച്ചത്. ലെച്ചുവിന്റെ അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛന്റെ മരണം വലിയ ശൂന്യതയായിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാന്‍ കുറച്ചുകാലമെടുത്തുവെന്നും നടി മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.