രണ്ടുദിവസം മഴ തകർത്ത് പെയ്യും; ചക്രവാതച്ചുഴിക്കൊപ്പം കേരള തീരത്ത് ന്യൂനമർദ്ദപാത്തിയും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്നും അഞ്ച് ജില്ലകളിൽ നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ ഗുജറാത്തിനു മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇതിന്‍റെ ഫലമായി വരുംദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിലുണ്ട്. അലേർട്ടുകൾ പരിശോധിക്കാം.

യെല്ലോ അലേർട്ട്

02-07-2024: കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
03-07-2024: കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട്

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്നുരാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർവരെയും വേഗതയിൽ കാറ്റിനും മോശം കാലവസ്ഥയ്ക്കുമാണ് സാധ്യത.