രണ്ടര കോടിയുടെ സർക്കാർ ഫണ്ട് വെട്ടിപ്പ് കേസ്, പ്രതികൾക്കൊപ്പം വേദി പങ്കിട്ട് ജസ്റ്റിസ് വി.ജി. അരുൺ, വിമർശനം

രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് വെട്ടിപ്പു കേസ് പ്രതികളായ കേരള പത്രപ്രവർത്തക യൂണിയൻ നേതാക്കൾക്കൊപ്പം കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി വേദി പങ്കിട്ടത് വൻ വിവാദത്തിൽ. തട്ടിപ്പു കേസിൽ പ്രതികളായ എം. പ്രശാന്ത് (ദേശാഭിമാനി) എന്നിവർക്കുൾപ്പെടെ ജസ്റ്റിസ് വി.ജി. അരുൺ ഫെലോഷിപ്പും വിതരണം ചെയ്തു. കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച മീഡിയ കോൺക്ലേവിൽ ഫെലോഷിപ്പ് വിതരണത്തിനു ജസ്റ്റിസ് വി.ജി. അരുണിനെ ക്ഷണിച്ചു വരുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. താൻ പരിഗണിക്കുന്ന കേസിലെ പ്രതികളാണ് ഒപ്പം വേദി പങ്കിടുന്നതെന്നും ഫെലോഷിപ്പ് ഏറ്റുവാങ്ങുന്നതെന്നും അറിയാതെയാകാം ജസ്റ്റിസ് അരുൺ ചടങ്ങിൽ പങ്കെടുത്തത്.

കെയുഡബ്ല്യുജെ / പ്രസ് ക്ലബുകൾ രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് വെട്ടിച്ച കേസ് ചീഫ് ജസ്റ്റിസ് എ. ജെ. ദേശായിയും ജസ്റ്റിസ് വി.ജി. അരുണും ഉൾപ്പെട്ട ബഞ്ചാണ് പരിഗണിക്കുന്നത്.

കെയുഡബ്ല്യുജെ- പ്രസ് ക്ലബുകൾക്ക് അനുവദിച്ച രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിനാൽ തിരിച്ചു പിടിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന പ്രിൻസിപ്പൽ അക്കൗണ്ടൻ്റ് ജനറൽ (കേരള) യുടെ ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ളതാണ് കേസ്. ദുരുപയോഗിച്ച ഫണ്ട് തിരിച്ചു പിടിക്കാൻ നടപടികൾ ആരംഭിച്ചതായി ഐപിആർഡി സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

കേസ് പരിഗണിക്കുന്ന ജഡ്ജി പ്രതികൾക്കൊപ്പം വേദി പങ്കിട്ടത് അനുചിതമായെന്ന വിലയിരുത്തലുണ്ട്. കെയുഡബ്ല്യുജെ നേതാക്കൾ പ്രതികളായ മറ്റു രണ്ടു കേസുകൾ കൂടി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. തൃശൂർ പ്രസ് ക്ലബിനായി വടക്കുംനാഥ ദേവസ്വം ഭൂമി വ്യാജ രേഖ ചമച്ച് പട്ടയമുണ്ടാക്കിയെന്ന കേസിൽ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡൻ്റ് എം.വി. വിനിതയാണ് മുഖ്യപ്രതി. വയനാട് പ്രസ് ക്ലബ് കെട്ടിട നിർമാണത്തിനായി എംപി ഫണ്ട് വെട്ടിച്ച കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്.