![jyotsna](https://thekarmanews.com/wp-content/uploads/2021/02/Untitled-1-140.jpg)
പലര്‍ക്കും തങ്ങളുടെ ആദ്യ പ്രണയം മറക്കാന്‍ സാധിക്കാത്തവരാണ്. പ്രണയം വിജയിച്ചിലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെയാണ്. ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഗായിക ജ്യോത്സന. ഒരു ചാനല്‍ പരിപാടിയില്‍ വെച്ചാണ് ജ്യോത്സന തന്റെ പൂവിടാതെ പോയ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
വിദേശത്തായിരുന്നു ജ്യോത്സനയുടെ സ്കൂള്‍ കാലഘട്ടം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏഴാം ക്ലാസിലെ ഒരു ഗുജാറാത്ത് സ്വദേശിയായ പയ്യനോട് പ്രണയം തോന്നിയെന്നാണ് താരം പറയുന്നത്. ആ പയ്യനെ കാണാന്‍ വേണ്ടി മാത്രം സ്കൂള്‍ ബസ് യാത്ര ഒഴിവാക്കി നടന്നു പോകാന്‍ തീരുമാനിച്ചതും ഗായിക പറയുന്നു.
‘ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യന് എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് എന്നെ ഇഷ്ടമാണെന്നും എന്നോടു പറഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാനും അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴൊക്കെ ഞാന്‍ സ്കൂള്‍ ബസിലാണ് സ്കൂളിലേയ്ക്കു പോവുകയും തിരിച്ചു വരികയും ചെയ്തുകൊണ്ടിരുന്നത്. ആ പയ്യന് നടന്നും. അങ്ങനെ അവനെ കാണാന്‍ വേണ്ടി ഞാന്‍ സ്കൂള്‍ ബസ് യാത്ര ഒഴിവാക്കി ഗള്‍ഫിലെ ആ പൊരിവെയിലത്തു നടന്നു പോകാന്‍ തുടങ്ങി. വെറുതെ സ്കൂള്‍ ബസ് ഫീസ് കൊടുക്കണ്ടല്ലോ എന്നായിരുന്നു വീട്ടില്‍ പറഞ്ഞ കാരണം.
അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ അവന് സൈക്കിള്‍ ചവിട്ടി എന്നെത്തന്നെ നോക്കി ആ പരിസരത്തുകൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എന്റെ അച്ഛന് അതുവഴി വന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛന് എന്നെ സ്നേഹപൂര്‍വം ഉപദേശിച്ചു. അച്ഛന്റെ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതല്‍ ഞാന്‍ സ്കൂള്‍ ബസില്‍ യാത്ര തുടര്‍ന്നു. പിന്നീട് എന്നിലെ മാറ്റങ്ങള്‍ കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് അവനു സംശയം തോന്നുകയും അവനും മാറി നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവന് ഇഷ്ടത്തിലായി’.-ജ്യോത്സ്ന പറഞ്ഞു.