സമൂഹവ്യാപനമുണ്ടായേക്കാം,​ ആറ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം-ആരോ​ഗ്യ മന്ത്രി

ഏത് നിമിഷവും കൊവിഡ് സമൂഹവ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശെെലജ. തലസ്ഥാനം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സെെക്കോ സോഷ്യല്‍ പദ്ധതിക്ക് രൂപം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമൂഹ വ്യാപന സാദ്ധ്യതയും കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കടുപ്പിച്ചു. രോഗവ്യാപനം ഭയന്നുള്ള നിയന്ത്രണങ്ങള്‍ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്.

മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച്‌ കൂട്ട പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക അകലം, മാസ്കുപയോഗം തുടങ്ങിയ നിയന്ത്രണങ്ങള്‍ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാര്‍ക്കറ്റുകളുമെന്ന് വ്യക്തമായതിനാലാണ് ഇവിടങ്ങളില്‍ പരിശോധന കൂടുതല്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.