തൃശ്ശൂരില്‍ മത്സരിക്കരുതെന്ന് കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇതെന്തൊരു തോല്‍പ്പിക്കലാണ് ഉണ്ടായത്, പദ്മജ

തൃശൂര്‍: തോല്‍പ്പിച്ചാല്‍ മാന്യമായി തോല്‍പ്പിക്കണമായിരുന്നു. ഇതെന്തൊരു തോല്‍പ്പിക്കലാണ് ഉണ്ടായത്, തൃശ്ശൂരിൽ കെ മുരളീധരന്റെ പരാജയത്തിൽ പ്രതികരിച്ച് സഹോദരി പദ്മജ വേണു​ഗോപാൽ. ഇവിടെ മത്സരിക്കരുതെന്ന് താന്‍ കെ മുരളീധരന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ്. അത് അദ്ദേഹം കേട്ടില്ല.

കോണ്‍ഗ്രസില്‍ അധികാരം ഒരു കോക്കസിന്റെ കൈയിലാണ്. ആരും വിചാരിച്ചാലും ഇവിടെ ഇനി കോണ്‍ഗ്രസിന് രക്ഷയില്ല. തോല്‍വിക്ക് പിന്നാലെ പലയിടത്തും പോസ്റ്റര്‍ കണ്ടപ്പോള്‍ ഇവിടെ വിവരമുള്ള കോണ്‍ഗ്രസുകാര്‍ ഉണ്ടെന്ന് ബോധ്യമായെന്നും പദ്മജ പറഞ്ഞു. ആരാണ് കുഴിയില്‍ ചാടിച്ചതെന്ന് മുരളീധരനാണ് പറയേണ്ടതെന്നും പദ്മജ പറഞ്ഞു.

ഈ വീട്ടില്‍ നിന്ന് നെഞ്ചുപൊട്ടിയാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോയത്. എന്നാൽ ബിജെപിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ കുറിച്ച് താന്‍ കേട്ട കാര്യങ്ങള്‍ അല്ല ഉള്ളില്‍ വന്നപ്പോള്‍ ഉണ്ടായത്. കോണ്‍ഗ്രസാണ് ഇപ്പോള്‍ വെറുപ്പിന്റ രാഷ്ട്രീയം കളിക്കുന്നതെന്നും പദ്മജ പറഞ്ഞു. ബിജെപിയോട് ആര്‍ക്കും യാതൊരുവിരോധവുമില്ല.

തൃശൂരില്‍ രാഷ്ട്രയീത്തിന് അപ്പുറം ബന്ധങ്ങള്‍ ഉണ്ടായതും സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായി. ഒരു മാസം കൊണ്ടാണ് രാജീവ് ചന്ദ്രശേഖരന്‍ തരൂരിന്റെ ഒരു ലക്ഷം ഭൂരിപക്ഷം പതിനായിരമാക്കി കുറച്ചത്. ആറ്റിങ്ങലും ആലപ്പുഴയും തുടങ്ങി എല്ലായിടത്തും ബിജെപിയുടെ വോട്ട് വിഹിതം കുടി. ബിജെപിക്ക് ഇനിയും വോട്ട് കൂടും കേരളത്തില്‍ ഇനിയും താമരവിരിയുമെന്നും പദ്മജ പറഞ്ഞു.