പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം. സിബിഐ ഫയല്‍ സോളാര്‍ കേസില്‍ ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് കെ സുധാകരന്‍. രേഖകള്‍ വ്യക്തമാക്കുന്നത് 2023 ജൂണ്‍ 19 ന് റിപ്പോര്‍ട്ട് ലഭിച്ചുവെന്നാണ്. സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനായി സര്‍ക്കാര്‍ പ്ലീഡര്‍ കഴിഞ്ഞ ജൂണ്‍ 8ന് കോടതിയെ സമീപിച്ചു.

തുടര്‍ന്ന് ജൂണ്‍ 19ന് റിപ്പോര്‍ട്ട് നല്‍കി. 76 പേജുള്ള റിപ്പോര്‍ട്ടിന്റെ അവസാന പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. മൂന്ന് മാസം റിപ്പോര്‍ട്ടിന്റെ മേല്‍ അടയിരുന്ന ശേഷമാണ് പിണറായി വിജയന്‍ പച്ചക്കള്ളം പറയുന്നത്. ഇത് നിയമസഭാംഗങ്ങളുടെ അവകാശത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും സുധാകരന്‍ പറഞ്ഞു.

ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ദല്ലാള്‍ നന്ദകുമാര്‍ പലവട്ടം പിണറായി വിജയനെ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. നന്ദകുമാര്‍ വിവാദ വനിതയ്ക്ക് 50 ലക്ഷം നല്‍കിയെന്നാണ് കത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.