എക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം ഒറ്റപ്പെട്ടു, എല്‍ഡിഎഫ് യോഗം ചേര്‍ന്നിട്ട് മൂന്ന് മാസമായെന്ന് കെ സുധാകരന്‍

കണ്ണൂര്‍. സിപിഎം ഏക സിവില്‍കോഡ് വിഷയത്തില്‍ ഒറ്റപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം യുഡിഎഫില്‍ വിള്ളലുണ്ടാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സിപിഎം ഏകപക്ഷിയാ നിലപാട് മൂലം എല്‍ഡിഎഫിലും ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് ഏക സിവില്‍കോഡ് വിഷത്തില്‍ തിരിച്ചടികള്‍ നേരിടുകയാണ്. മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയെ പോലും ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നടത്തുന്ന സെമിനാറില്‍ പ്രമുഖരായ നിരവധി പേരും സംഘടനകളും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംലീഗിനെ പിടിക്കുവാന്‍ പോയവര്‍ക്ക് ഉയരത്തില്‍ ഇരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന അവസ്ഥയാണെന്നും കെ സുധാകരന്‍ പരിഹസിച്ചു. സിപിഎമ്മില്‍ തന്നെയുള്ളവര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു.

നിലവില്‍ സിപിഐയെ മൂലയ്ക്കിരുത്തി സിപിഎമ്മിന്റെ ഏകപക്ഷീയമായ പോക്കുമൂലം മുന്നണി ശിഥിലമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തില്‍ കൂടുതലായി മുന്നണി യോഗം ചേര്‍ന്നിട്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ മുന്നണി യോഗത്തില്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.