കേസെടുത്തും വ്യക്തിഹത്യ നടത്തിയും ഇല്ലാതാക്കാമെന്നാണ് കരുതുന്നതെങ്കിൽ മാത്യു കുഴൽനാടൻ ഒറ്റയ്ക്കല്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ദിവസവും പുറത്തുവന്നിട്ടും അതിനോട് പ്രതികരിക്കാതെ ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മാത്യു കുഴല്‍നാടനെതിരെ സ്വീകരിക്കുന്നത് വ്യക്തിവൈരാഗ്യമാണെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും തിരിമറികള്‍ കേരള സമൂഹത്തിന് മുന്നില്‍ തുറന്നുകാണിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മാത്രം നിരത്തി എഴുതിയാല്‍ ഒരു നോട്ട് ബുക്ക് തികയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി. മാത്യു കുഴല്‍നാടനെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യുവനാണ് ശ്രമിക്കുന്നതെങ്കില്‍ അദ്ദേഹം ഒറ്റയ്ക്കല്ലെന്ന യാഥാര്‍ഥ്യം സിപിഎം തിരിച്ചറിയണമെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ ഇത്തരം ഒരു പരിശോധനയ്ക്ക് വിധേയമാക്കാന്‍ വെല്ലുവിളിച്ചിട്ടും മുഖ്യമന്ത്രി കണ്ടിട്ടില്ല. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടാന്‍ മുഖ്യമന്ത്രിക്ക് ഉത്സാഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനാധിപത്യ സംവിധാനത്തോട് പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു.