പിസി ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ്: കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ കേസെടുക്കാതെ സോളാര്‍ കേസിലെ പ്രതിയുടെ പരാതിയില്‍ കേസ് എടുക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ ഒരു അന്വേഷണം പോലും നടത്താത്ത പോലീസ് സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പരാതിക്കാരി മുമ്പ് നല്‍കിയ പരാതിയില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത പോലീസ് ഇപ്പോള്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ എതിര്‍ക്കുന്നതിന്റെ പേരിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജിനെ ജയിലിലടയ്ക്കാന്‍ കഴിയാത്തതിന്റെ പകയാണ് മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് മനോഭവത്തോടെ കാണാന്‍ കഴിയുന്നത്.

എകെജി സെന്ററിന് നേരെ ബോംബേറിഞ്ഞ കേസില്‍ പ്രതിയെ പിടിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും വഴിതിരിക്കുവാനാണ് ഇപ്പോള്‍ എതിരാളികളെ പിണറായി വിജയന്‍ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.