വിദ്യ ഒളിവിൽ കഴിഞ്ഞത് സിപിഎം കേന്ദ്രത്തിൽ, പിടികൂടിയത് എസ്എഫ്‌ഐ നേതാവിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന്, ഒത്തുകളി വ്യക്തം

പാലക്കാട്: കൊച്ചി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് ജോലി നേടിയ കേസിൽ പിടിയിലായ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയെ അഗളി പോലീസ് അട്ടപ്പാടിയിൽ എത്തിച്ചു. കേസ് രജിസ്റ്റർ ചെയ്ത് 15-ാം ദിവസമാണ് വിദ്യയെ പോലീസ് പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ, പേരാമ്പ്ര, കുട്ടോത്ത് നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. ടവർ ലൊക്കേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് വിദ്യ പിടിയിലായതെന്ന് പോലീസ് പറയുന്നത്.

സിപിഎമ്മിന് നിർണായക സ്വാധീനമുള്ള പ്രദേശമാണ് കുട്ടോത്ത്. മഹാരാജാസിലെ എസ്എഫ്‌ഐ നേതാവായ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ പിടികൂടിയത്. വിദ്യയ്‌ക്ക് ഒളിൽ കഴിയാൻ സിപിഎമ്മിൽ നിന്നും സഹായം ലഭിച്ചെന്ന ആരോപണം ശക്തമാണ്. അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വിദ്യ പൊലീസിന് നൽകിയ മൊഴി

ഒരിടത്തും വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. പഠനത്തിൽ മിടുക്കിയായ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും വിദ്യ പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ജൂൺ ആറിനാണ് വിദ്യയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ വിദ്യ മുൻകൂർ ജാമ്യത്തിനായി കോടതികളെ സമീപിച്ചിരുന്നു. പോലീസ് ഇതിനായി സാഹചര്യം ഒരുക്കി നൽകിയെന്ന ആരോപണവും ശക്തമാണ്.