വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ല, ജോലികൾ കിട്ടിയത് കഴിവുകൊണ്ട്, പോലീസിന് മുന്നിൽ കുറ്റങ്ങൾ നിഷേധിച്ച് വിദ്യ

പാലക്കാട് : വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവ്
കെ.വിദ്യ കുറ്റങ്ങൾ നിഷേധിച്ചു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലൈന്നും ജോലികൾ ലഭിച്ചത് കഴിവുകൊണ്ടും തൊഴിൽ പരിചയത്തിലുമാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞത്. താൻ വ്യാജ സർട്ടിഫിക്കറ്റ് എവിടെയും നൽകിയിട്ടില്ലയെന്നാണ് വിദ്യയുടെ മൊഴി. തന്നെ രാഷ്‌ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നാണ് വിദ്യ പറയുന്നത്.

ഇതിന് പിന്നിൽ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനകളാണെന്നാണ് വിദ്യയുടെ മൊഴി. തനിക്കെതിരെ ഉണ്ടായ കേസ് കാരണം കുടുംബം ഒറ്റപ്പെട്ടെന്നും നീതി വേണമെന്നും വിദ്യ പോലീസിനോട് ആവശ്യപ്പെട്ടു. കേസിൽ ശക്തമായ തെളുവുകൾ പോലീസ് ഇനിയുടെ കണ്ടെത്തേണ്ടതുണ്ട്. വ്യാജ രേഖ ചമച്ച രേഖകളും സീലും അടക്കമുള്ളവ ഇതുവരെ കിട്ടിയിട്ടില്ല. അഗളി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച വിദ്യയെ 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ കോഴിക്കോട് മേപ്പയൂർ കുട്ടോത്തെ സിപിഎം കേന്ദ്രത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പിടികൂടിയത്. വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. കരിന്തളം ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്.

കഴിഞ്ഞ അദ്ധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഇവിടെ ഹാജരാക്കിയിരുന്നത്.