പടച്ചോന്‍ വിളിച്ചാല്‍ പോകാതിരിക്കാനാവില്ലല്ലോ, കൊച്ചിന്‍ ഹനീഫയെ കുറിച്ച് കലൂര്‍ ഡെന്നിസ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൊച്ചിന്‍ ഹനീഫ. ഇപ്പോഴും മലയാള സിനിമ പ്രേക്ഷകരുടെ ഉള്ളില്‍ നിന്നും അദ്ദേഹം മാഞ്ഞിട്ടില്ല. ഇപ്പോള്‍ കൊച്ചിന്‍ ഹനീഫയുമായുള്ള സൗഹൃദത്തെ കുറിച്ച് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നിസ് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു മാധ്യമത്തിലെ പ്രത്യേക കോളത്തില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഹനീഫയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്നത്.

കലൂര്‍ ഡെന്നിസിന്റെ വാക്കുകള്‍ ഇങ്ങനെ, ഇരട്ടക്കുട്ടികളും ഭാര്യയുമായി വളരെ സന്തോഷത്തിലും സംതൃപ്തിയിലും കഴിയുമ്പോഴാണ് ഹനീഫ രോഗബാധിതനായി മദ്രാസിലെ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്നത്. ആദ്യമൊന്നും ആശുപത്രി വാസം ആരെയും അറിയിക്കാതെ നോക്കിയിരുന്നു. എന്നാല്‍, രോഗാവസ്ഥ മൂര്‍ച്ഛിച്ചതോടെയാണ് സിനിമാലോകം ഹനീഫയുടെ രോഗത്തെക്കുറിച്ചു അറിഞ്ഞത്. ഒരാഴ്ച, അതുകഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്. പക്ഷേ, മാരകമായ ഒരു അസുഖത്തിന്റെ ആരംഭലക്ഷണങ്ങളായിരുന്നു ഹനീഫയ്ക്ക്.

‘മാരകമായ ഒരു അസുഖത്തിന്റെ ആരംഭലക്ഷണങ്ങളായിരുന്നു. ഞാനിതറിഞ്ഞ ഉടനെ ഹനീഫയെ ഫോണില്‍ വിളിച്ചു. ഫോണെടുത്തത് ഭാര്യയായിരുന്നു. ഞാനാണെന്നറിഞ്ഞപ്പോള്‍ ഹനീഫ ഫോണ്‍ വാങ്ങി ദീനസ്വരത്തില്‍ പറഞ്ഞു: ‘എടാ ഡെന്നീ, എനിക്കൊന്നുമില്ലെടാ മാധ്യമ പ്രവര്‍ത്തകരെല്ലാവരും കൂടി ഉണ്ടാക്കിയ ഒരസുഖമാണ് എന്റേത്. നീ ഇങ്ങോട്ടൊന്നും വരണ്ട. അടുത്തയാഴ്ച ഞാന്‍ എറണാകുളത്തു വരും അപ്പോള്‍ നീ വന്നാല്‍ മതി.’

ഒരാഴ്ച കഴിഞ്ഞിട്ടും ഹനീഫ ഡിസ്ചാര്‍ജായില്ല. പിന്നെ, നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ദുഃഖവാര്‍ത്തയാണ് ഞാന്‍ കേട്ടത്. ഹനീഫ പോയി. വാത്സല്യത്തിലെ രാഘവന്‍ നായരെപ്പോലെ കുടുംബത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിച്ച ഹനീഫ അകലങ്ങളിലെ ഏകാന്തതയില്‍ ലയിച്ചു എന്നറിഞ്ഞപ്പോള്‍ ഞാന്‍ അല്‍പനേരം മരവിച്ചിരുന്നു പോയി.’

2006-ല്‍ കാലു മുറിച്ച് ആശുപത്രിയില്‍ കിടക്കുമ്‌ബോള്‍ ഒരുദിവസം ഹനീഫ കാണാന്‍ വന്നതിനെക്കുറിച്ചും കലൂര്‍ ഡെന്നിസ് പങ്കുവയ്ക്കുന്നുണ്ട്. ‘നമ്മുടെ ജീവിതം നമ്മുടെ കയ്യിലൊന്നുമല്ലെടാ, പടച്ചോന്‍ വിളിച്ചാല്‍ പോകാതിരിക്കാനാവില്ലല്ലോ. പിന്നെ മരണത്തിനു കൊണ്ടു പോകാനാകാത്ത ഒന്നേയുള്ളൂ, മറ്റൊരാളിന്റെ മനസ്സില്‍ നമ്മള്‍ നല്‍കുന്ന നിറപുഞ്ചിരി.’