സ്ത്രീ വോട്ടര്‍മാരെ ചാക്കിട്ടു പിടിക്കാന്‍ കമല്‍ഹാസന്‍ തന്ത്രം, വന്‍ വാഗ്ദാനങ്ങള്‍

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തിലെത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. സ്ത്രീ സൗഹൃദ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി മക്കള്‍ നീതി മയ്യം പ്രസിഡന്റും ജനപ്രിയ നടനുമായ കമല്‍ഹാസന്‍. വന്‍ വാഗ്ദാനങ്ങളാണ് മക്കള്‍ നീതി മയ്യം തമിഴ്‌ മക്കള്‍ക്ക് നല്‍കുന്നത്.

എല്ലാ വീട്ടമ്മമാര്‍ക്കും മാസ ശമ്പളം നല്‍കും,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കും. വനിതകള്‍ക്കായി എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത ക്ലാസുകള്‍ സംഘടിപ്പിക്കും. യൂണിഫോം തസ്തികകളില്‍ 50 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കും. പൊതു വിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യും എന്നിങ്ങനെ വന്‍ വാഗ്ദാനങ്ങളാണ് മക്കള്‍ നീതി മയ്യം നടത്തിയത്.

തിരഞ്ഞെടുപ്പില്‍ ആലന്തൂരിലും, കോയമ്ബത്തൂരിലുമായി രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് കമല്‍ഹാസന്‍ മത്സരിക്കുന്നത്. അതെ സമയം ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നാണെന്നും സമാന ചിന്താഗതിയുള്ളവര്‍ക്ക് കടന്നുവരാമെന്നും പറഞ്ഞ കമല്‍ഹാസന്‍, ഡി.എം.കെ യുമായി സീറ്റ് തര്‍ക്കം രൂക്ഷമായ കോണ്‍ഗ്രസ്സിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു.