എനിക്ക് ബ്രേക്ക് തന്ന പടം ആണ് കിരീടം, എന്റെ നല്ല സീനുകൾ കട്ട് ചെയ്തു, കനകലതയുടെ വാക്കുകൾ ചർച്ചയാകുന്നു

സിനിമക്കപ്പുറം എവിടെ വച്ചു കണ്ടാലും ചേച്ചിയെന്ന് വിളിച്ച് ഓടിച്ചെല്ലാനുള്ള അടുപ്പം സൃഷ്ടിച്ച കുറേ കഥാപാത്രങ്ങൾ. കനകലത എന്ന അഭിനേത്രിയുടെ കലാജീവിതത്തിൽ വന്നുപോയത് ഇത്തരം വേഷങ്ങളാണ്. സിനിമയിലെ ഏറ്റവും അടുപ്പമുള്ള ഫ്രെയിമുകളിലിരുന്നു പ്രേക്ഷകനെ നോക്കി ചിരിച്ച കനകലത എവിടെ പോയെന്ന് ചിന്തിച്ചവർ ഉണ്ടാകാം. സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന കനകലതയേ പ്രേക്ഷകർക്ക് അറിയൂ. എന്നാൽ നടിയുടെ സ്വകാര്യ ജീവിതത്തിൽ ഏറെ കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കനകലതയുടെ ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നത്. തനിച്ച് ഭക്ഷണം പോലും കഴിക്കാനാവാതെ, ദൈനംദിനകാര്യങ്ങളെല്ലാം മറന്ന് ഇടയ്ക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അതിദയനീയമായ ആരോഗ്യാവസ്ഥയിലൂടെയാണ് കനകലത കടന്നുപോകുന്നത് എന്നായിരുന്നു വാർത്തകൾ. പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച കനകലതയിൽ 2021 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് എന്നും പിന്നീട് രോഗം മൂർച്ഛിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. തനിയെ ഭക്ഷണം കഴിക്കാൻ കഴിയാത്ത നിലയിലായിലാണ് ഇപ്പോൾ താരം ഉള്ളത്. ഉമിനീരുപോലും ഇറക്കുന്നില്ല, ട്യൂബ് ഇട്ട് അതിലൂടെ ലിക്വിഡ് ഫുഡ് ആണ് ഇപ്പോൾ നൽകുന്നത് എന്നും കനകലതയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മലയാള സിനിമയിൽ തനിക്ക് ലഭിക്കാതെ പോയ നല്ല അവസരങ്ങളെ കുറിച്ച് മുൻപൊരിക്കൽ കനകലത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ഒരുപിടി നല്ല സിനിമകളിൽ കനകലത അഭിനയിച്ചിരുന്നു എങ്കിലും നല്ല കഴിവുള്ള നായിക ആയിരുന്നിട്ടും അവർ സിനിമയിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ല. മനസിന് സംതൃപ്തി നൽകുന്ന ഒരു വേഷവും തനിക്ക് ലഭിച്ചിരുന്നില്ല എന്ന് കനകലത പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. “ഇത്രയും സിനിമയിൽ അഭിനയിച്ചു, കുറെ സിനിമകളിൽ നല്ല നല്ല വേഷങ്ങളും ചെയ്തു, എങ്കിലും എന്റെ മനസിന് സംതൃപ്തി നൽകുന്ന ഒരു കഥാപാത്രവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും എടുത്തു പറയേണ്ട ചില വേഷങ്ങൾ ഉണ്ട്.

എനിക്ക് ഒരു ബ്രേക്ക് തന്ന പടം കിരീടം ആണ്. അതിൽ മോഹൻലാലിൻറെ മൂത്ത സഹോദരിയുടെ വേഷം, ജഗതി ശ്രീകുമാർ ആയിരുന്നു ഭർത്താവായി അഭിനയിച്ചത്. എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണത്. നിങ്ങൾ സിനിമയിൽ കണ്ടതിലും കൂടുതൽ ഇമ്പോർട്ടൻസ് ഉള്ള കഥാപാത്രം ആയിരുന്നു അത്. പക്ഷെ അന്ന് ഞാൻ പ്രൊഫെഷണൽ നാടകത്തിൽ പോകുന്നത് കൊണ്ട് അതിലെ ഒരുപാട് സീനിൽ നിന്നും എന്നെ ഒഴിവാക്കിയിരുന്നു.

അല്ലെങ്കിൽ അത് കുറച്ചുകൂടി പ്രാധാന്യം ഉള്ള ഒരു നല്ല വേഷമായി മാറുമായിരുന്നു. എന്നെ ആ സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ ഞാൻ അവരോട് പറഞ്ഞിരുന്നു ഇത് സീസൺ സമയമാണ്, നാടകം ഉള്ളപ്പോൾ എന്നെ വിടണം എന്ന്. അത് സമ്മതിച്ചതാണ് അവർ എന്നെ വിളിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് നല്ല നല്ല സീനുകളിൽ നിന്നും അവർ എന്നെ ഒഴിവാക്കി. എന്റെ ഏതോ ചിത്രം കണ്ടിട്ടാണ് കിരീടത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖൻ എന്റെ പേര് പറഞ്ഞ് എന്നെ അതിലേക്ക് വിളിക്കുന്നത്.

അവർ ശരിക്കും എനിക്കുവേണ്ടി കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്‌തെങ്കിലും എനിക്ക് നല്ല വിഷമം ഉണ്ട്, നല്ല സീനുകളിൽ നിന്നും ഒഴിവാക്കിയതിൽ. പടം കാണുമ്പോൾ അത് മനസിലാവും. മൂത്ത മോൾ പല പല സാഹചര്യത്തിലും സിനിമയിൽ ഇല്ലായിരുന്നു. കീരിക്കാടൻ ജോസ് കയറി വീട് ആക്രമിക്കുന്ന സീനിലും ഹോസ്പിറ്റലിലും സോങിലും ഒക്കെ ഞാൻ വേണ്ടത് ആയിരുന്നു. പക്ഷെ എന്നെ ഒഴിവാക്കി. പക്ഷെ എനിക്ക് എന്റെ ഈ പ്രായത്തിനിടയിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കിരീടം തന്നെയാണ്.

ഞാൻ അഭിനയിച്ചു എന്നുള്ളത്കൊണ്ടല്ല, ഞാൻ ആ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല. ആ സിനിമയിൽ ആരും കഥാപാത്രങ്ങൾ ആയിരുന്നില്ല എല്ലാവരും ജീവിക്കുകയായിരുന്നു. വീടിന്റെ മുന്നിൽ പൂവാലന്മാർ വന്നു നിൽക്കുമ്പോൾ ഞാൻ ജഗതി ചേട്ടന്റെ ചെവിയിൽ പോയി രഹസ്യം പറയുന്ന സീൻ കാണുമ്പോൾ എല്ലാവരും വിചാരിക്കും അവന്മാരെ അടിച്ചോടിക്കാൻ ആണെന്ന്. ജഗതി ചേട്ടൻ താഴെ ഇറങ്ങി ചെടിച്ചട്ടി എടുത്ത് വയ്ക്കുന്ന സീനൊക്കെ ഇന്നും കാണുമ്പോൾ ചിരിക്കാറുണ്ട്” – കനകലത പറയുന്നു.